185 കിമീ വേഗതയില്‍ ഉംപുണ്‍ ചുഴലിക്കാറ്റ് കരതൊട്ടു; അടുത്ത നാല് മണിക്കൂറില്‍ ചുഴലിക്കാറ്റ് പൂര്‍ണ്ണമായും കരയിലേയ്ക്ക് കേറും, കടുത്ത ജാഗ്രത

കൊല്‍ക്കത്ത: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ഉംപുണ്‍ ചുഴലിക്കാറ്റ് തീരത്ത് പ്രവേശിച്ചു. പശ്ചിമ ബംഗാളിലെ സാഗര്‍ ദ്വീപിലൂടെയാണ് ചുഴലിക്കാറ്റ് കരയിലേക്ക് കേറുന്നത്. രണ്ടരയോടെ ചുഴലിക്കാറ്റ് കരതൊട്ടെന്നും അടുത്ത നാല് മണിക്കൂറില്‍ ചുഴലിക്കാറ്റ് പൂര്‍ണമായും കരയിലേക്ക് കേറുമെന്നും കേന്ദ്ര കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു.

കഴിഞ്ഞ ദിവസങ്ങളില്‍ 265 കീമീ വേഗത്തില്‍ വരെ വീശിയ ചുഴലിക്കാറ്റ് കഴിഞ്ഞ 24 മണിക്കൂറില്‍ ദുര്‍ബലമായി തുടങ്ങിയതായാണ് വിവരം. എന്നാല്‍ കര തൊടുമ്പോഴും കാറ്റിന് 185 കീമീ വരെ വേഗതയുണ്ടാവും എന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. ഇതിന്റെ അടിസ്ഥാനത്തില്‍ പശ്ചിമബംഗാള്‍, ഒഡീഷ സംസ്ഥാനങ്ങളില്‍ കടുത്ത ജാഗ്രതയാണ് നല്‍കിയിരിക്കുന്നത്. ദേശീയദുരന്ത നിവാരണ സേനയുടെ വന്‍സംഘം ഇരു സംസ്ഥാനങ്ങളിലുമായി ക്യാംപ് ചെയ്യുന്നുണ്ട്.

ചുഴലിക്കാറ്റിന്റെ ഭാഗമായി കൊല്‍ക്കത്ത നഗരം അതീവ ജാഗ്രതയിലാണ്. മേല്‍പ്പാലങ്ങള്‍ ഇതിനോടകം അടച്ചു കഴിഞ്ഞു. ആളുകള്‍ പുറത്തിറങ്ങരുതെന്ന് അധികൃതര്‍ മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്. അതേസമയം, ചുഴലിക്കാറ്റ് കാരണം കനത്ത മഴയും കാറ്റും ഉണ്ടായ ഒഡീഷയില്‍ വന്‍നാശമാണ് സംഭവിച്ചിരിക്കുന്നത്. കരതൊട്ടശേഷം കാറ്റിന്റെ വേഗം കുറയുമെങ്കിലും കനത്ത മഴ തുടരും. അസം, മേഘാലയ ഉള്‍പ്പടെയുള്ള വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലും മഴ കനക്കുമെന്നാണ് നല്‍കിയിരിക്കുന്ന മുന്നറിയിപ്പ്.

Exit mobile version