ന്യൂഡല്‍ഹി: രാജ്യത്തെ ഒന്നടങ്കം ആശങ്കയുടെ മുള്‍മുനയില്‍ നിര്‍ത്തി കോവിഡ് 19 ബാധിതരുടെ എണ്ണം ഒരു ലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 4970 പുതിയ കേസുകളാണ് ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെയാണ് ഇന്ത്യയിലെ രോഗബാധിതരുടെ എണ്ണത്തില്‍ കുതിച്ചുകയറ്റമുണ്ടായത്.
രാജ്യത്തെ ആകെ കേസുകളുടെ എണ്ണം 1,01,139 ആയി. ഇരുപത്തിനാല് മണിക്കൂറിനിടെ ജീവന് നഷ്ടമായത് 134 പേര്‍ക്കാണ്. ഇതോടെ രാജ്യത്ത് ആകെ രോഗം ബാധിച്ച് മരിച്ചവരുടെ എണ്ണം 3163 ആയി ഉയര്‍ന്നു. നിലവില്‍ വൈറസ് ബാധിച്ച് 58,803 പേരാണ് രാജ്യത്ത് ചികിത്സയിലുള്ളത്.
രാജ്യത്ത് ഏറ്റവും കൂടുതല്‍ പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചത് മഹാരാഷ്ട്രയിലാണ്. 24 മണിക്കൂറിനിടെ 2005 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്ത് രോഗബാധിതരുടെ എണ്ണം 35058 ആയി കുതിച്ചുയര്‍ന്നു.
51 പേരാണ് രോഗം ബാധിച്ച് ഇന്നലെ മരിച്ചത്.
ഇതോടെ സംസ്ഥാനത്ത് മരണസംഖ്യ 1249 ആയി. തമിഴ്നാട്ടിലും ഗുജറാത്തിലും രോഗികളുടെ എണ്ണം ഉയരുകയാണ്. അതേസമയം, രാജ്യത്ത് ഇതിനോടകം 39,173 പേര് രോഗമുക്തി നേടി. 38.73 ശതമാനമാണ് ഇപ്പോള്‍ രോഗമുക്തി നിരക്ക്.
Discussion about this post