മുംബൈ: മഹാരാഷ്ട്രയിൽ കൊവിഡ് ഭീതി വിതയ്ക്കുന്നതിനിടെ ഉണ്ടായ ആൾക്കൂട്ട കൊലപാതകം ഞെട്ടലാകുന്നു. മോഷ്ടാക്കളെന്ന് ആരോപിച്ച് മുംബൈയിൽ രണ്ട് സന്യാസിമാർ ഉൾപ്പെടെ മൂന്ന് പേരെ ആൾക്കൂട്ടം മർദ്ദിച്ച് കൊലപ്പെടുത്തുകയായിരുന്നു. കുറ്റക്കാർക്കെതിരെ കർശന നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി ഉദ്ധവ് താക്കറെ പ്രതികരിച്ചു.
മഹാരാഷ്ട്രയിലെ പാൽഖാറിലാണ് സംഭവം. കഴിഞ്ഞ പതിനാറാം തീയ്യതി രാത്രി നടന്ന സംഭവത്തിൽ പോലീസ് അന്വേഷണം പുരോഗമിക്കുകയാണ്. ഇരുനൂറിൽ അധികം പേർ വരുന്ന ആൾക്കൂട്ടം ഇവരെ തടഞ്ഞുനിർത്തി ആക്രമിക്കുകയായിരുന്നു. സുശീൽഗിരി മഹാരാജ്(30), ചിക്‌ന മഹാരാജ് കൽപവർഷ ഗിരി(70) എന്നീ സന്യാസിമാരും ഇവർ സഞ്ചരിച്ച വാഹനത്തിന്റെ ഡ്രൈവറായിരുന്ന നിലേഷ് തെൽവാഡ എന്ന 30കാരനുമാണ് കൊല്ലപ്പെട്ടത്.
നാസിക്കിൽ നിന്നും സൂറത്തിലേക്ക് സഞ്ചരിക്കവെയായിരുന്നു സംഭവം. രാത്രി പൽഖാറിൽ എത്തിയപ്പോൾ ലോക്ക്ഡൗണിനിടെ ഇവരുടെ വാഹനത്തിന് നേരെ തടിച്ചുകൂടിയ ആൾക്കൂട്ടം ആക്രമണം നടത്തുകയായിരുന്നു. മോഷ്ടാക്കളാണ് എന്ന് സംശയിച്ചാണ് ആൾക്കൂട്ടം ആക്രമണം നടത്തിയതെന്നാണ് റിപ്പബ്ലിക്ക് ടിവി റിപ്പോർട്ടു ചെയ്യുന്നത്. ഇവരെ ചോദ്യം ചെയ്തു കൊണ്ടുള്ള മർദ്ദനം തുടരുകയായിരുന്നു. സംഭവ സ്ഥലത്ത് പോലീസ് എത്തിയെങ്കിലും ഇവരെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ പോലീസിനു നേർക്കും ആക്രമണം ഉണ്ടായി. പോലീസ് 110 പേരെ കൊലപാതകവുമായി ബന്ധപ്പെട്ട് അറസ്റ്റു ചെയ്തു.
കുറ്റക്കാർ ആരായും അവർക്കെതിരെ കർശനമായ നടപടി ഉണ്ടാകുമെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ വ്യക്തമാക്കി. അക്രമികൾ ഒരു കാരണവശാലും നിയമത്തിൽ നിന്നും രക്ഷപെടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
Discussion about this post