കള്ളപ്പണം വെളുപ്പിച്ചതിന് തബ്‌ലീഗ് ജമാഅത്തെ നേതാവായ മൗലാന സാദിനെതിരെ ഇഡി കേസെടുത്തു; തബ്‌ലീഗ് മർക്കസിന്റെ പണമിടപാട് അന്വേഷിക്കുന്നു

Tablighi Jamaat | india news

ന്യൂഡൽഹി: തബ്‌ലീഗ് ജമാഅത്തെ നേതാവിനെതിരെ കള്ളപ്പണം വെളുപ്പിച്ചെന്ന പരാതിയിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കേസെടുത്തു. തബ്‌ലീഗ് ജമാഅത്തെ നേതാവായ മൗലാന സാദ് ഖാണ്ഡൽവിക്കെതിരേ കള്ളപ്പണം വെളുപ്പിച്ചതിനാണ് ഇഡി കേസെടുത്തത്. ഇന്ത്യയിൽ നിന്നും വിദേശത്തു നിന്നും ഉള്ളവർ പങ്കെടുത്ത തബ്‌ലീഗ് ജമാഅത്ത് മർക്കസിന്റെ പണനിക്ഷേപവുമായി ബന്ധപ്പെട്ട് അന്വേഷണവും നടത്തുന്നുണ്ട്. ജമാഅത്ത് നേതാവിനും മറ്റ് അഞ്ചുപേർക്കുമെതിരേ ഡൽഹി ക്രൈംബ്രാഞ്ച് മാർച്ച് 31ന് എഫ്‌ഐആർ റജിസ്റ്റർ ചെയ്തിരുന്നു.

ലോക്ക്ഡൗൺ ഭേദിച്ച് മതസമ്മേളനം നടത്തിയ കുറ്റമടക്കം ചുമത്തിയായിരുന്നു കേസ്. മനപ്പൂർവ്വമല്ലാത്ത നരഹത്യയ്ക്കും കേസെടുത്തിരുന്നു. 1897ലെ പകർച്ചവ്യാധി നിരോധനനിയമത്തിന്റെ പേരിലാണ് ഡൽഹി പോലീസ് കേസെടുത്തിരുന്നത്. നിയമങ്ങൾ ലംഘിച്ചുള്ള നിസാമുദ്ദീനിലെ തബ് ലീഗ് സമ്മേളനത്തെ തുടർന്ന് നിരവധി പേർക്ക് കൊറോണ ബാധിക്കുകയും രാജ്യമൊട്ടാകെ രോഗം പടരുകയും ചെയ്തിരുന്നു. ഖാണ്ഡൽവിയായിരുന്നു സമ്മേളനത്തിന് നേതൃത്വം നൽകിയിരുന്നത്. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു ഡൽഹി പോലീസ് അദ്ദേഹത്തിനും ജീവനക്കാർക്കും എതിരെ കേസെടുത്തത്. ഇതിനു പിന്നാലെയാണ് ഇഡി കേസ് വരുന്നത്.

ക്വാറന്റൈൻ പൂർത്തിയാകുന്നതോടെ ഖാണ്ഡൽവിയെ എത്രയും പെട്ടെന്ന് ചോദ്യംചെയ്യുമെന്നും ഇഡി അറിയിച്ചു. ഖാണ്ഡൽവിയുടെയും മറ്റ് ഓഫീസ് ജീവനക്കാരുടെയും സാമ്പത്തിക ഇടപാടുകളും പരിശോധിക്കും. സംഘടന വിദേശത്തു നിന്നും മറ്റും സ്വീകരിച്ച സംഭാവനകളും ഇഡി പരിശോധിച്ചു വരികയാണ്. 50ൽ കൂടുതൽ ആളുകൾ പങ്കെടുക്കുന്ന സമ്മേളനങ്ങൾ നടത്തരുതെന്ന് മാർച്ച് 21ന് തന്നെ ഡൽഹി പോലീസ് മർക്കസ് നേതൃത്വത്തിന് മുന്നറിയിപ്പു നൽകിയിരുന്നു. എന്നാൽ ഈ മുന്നറിയിപ്പുകൾ അവഗണിച്ച് ആരോഗ്യവകുപ്പിനെയോ പോലീസിനെയോ അറിയിക്കാതെയായിരുന്നു 1300ഓളം പേരെ പങ്കെടുപ്പിച്ച് സമ്മേളനം നടത്തിയതെന്നാണ് ഡൽഹി പോലീസ് എഫ്‌ഐആറിൽ പറയുന്നത്.

Exit mobile version