ന്യൂഡല്‍ഹി: കൊവിഡ് 19 സ്ഥിരീകരിച്ച ബോളിവുഡ് ഗായിക കനിക കപൂറിന്റെ പുതിയ പരിശോധനാഫലം പുറത്ത്. നടത്തിയ ആറാമത്തെ ടെസ്റ്റില്‍ ഫലം നെഗറ്റീവ് ആയിരിക്കുകയാണ്. ലഖ്നൗവിലുള്ള സഞ്ജയ് ഗാന്ധി പോസ്റ്റ് ഗ്രാജ്വേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ഇവരെ ഇപ്പോള്‍ ഡിസ്ചാര്‍ജ്ജ് ചെയ്തു.
രോഗമുക്തി നേടി ആശുപത്രി വിട്ടെങ്കിലും കനിക കപൂര്‍ 14 ദിവസം വീട്ടില്‍ കരുതല്‍ നിരീക്ഷണത്തില്‍ തുടരും. മാര്‍ച്ച് 20 നാണ് ലണ്ടനില്‍ നിന്ന് മടങ്ങിയെത്തിയ കനിക കപൂറിന് കൊവിഡ് 19 സ്ഥിരീകരിച്ചത്. ലണ്ടനില്‍ നിന്ന് തിരികെയെത്തിയ കനിക യാത്രാവിവരം മറച്ചുവെച്ച് വിമാനത്താവളത്തിലെ പരിശോധനയില്‍ നിന്ന് ഒഴിവാകുകയായിരുന്നു.
തുടര്‍ന്ന് സുഹൃത്തുക്കള്‍ക്കും കുടുംബാംഗങ്ങള്‍ക്കുമായി ലഖ്നൗവിലെ പഞ്ചനക്ഷത്ര ഹോട്ടലില്‍ ഇവര്‍ ഒരു പാര്‍ട്ടിയും സംഘടിപ്പിച്ചിരുന്നു. ബിജെപി നേതാവ് വസുന്ധര രാജ സിന്ധ്യയും മകന് ദുഷ്യന്ത് സിംഗും അടക്കമുള്ള രാഷ്ട്രീയ നേതാക്കളും ചില ബോളിവുഡ് താരങ്ങളും ഈ പാര്‍ട്ടിയില്‍ പങ്കെടുത്തിരുന്നു. സംഭവത്തില്‍ അലക്ഷ്യ പെരുമാറ്റത്തിന് ഗായികയ്ക്കെതിരെ പോലീസ് കേസെടുത്തിരുന്നു.
Discussion about this post