കോയമ്പത്തൂര്‍: ഹൃദയാഘാതത്തെത്തുടര്‍ന്ന് ദോഹയില്‍ അന്തരിച്ച കോയമ്പത്തൂര്‍ സ്വദേശിയുടെ മൃതദേഹം കൊറോണ നിയന്ത്രണങ്ങള്‍ക്കിടെ ദോഹയില്‍ നിന്നും നാട്ടിലെത്തിച്ചു. മൃതദേഹം അവസാനമായി കാണാനുള്ള അടങ്ങാത്ത ആഗ്രഹം നാട്ടിലെ ബന്ധുക്കള്‍ അറിയിച്ചതിനെ തുടര്‍ന്ന് ഖത്തറിലെ സാമൂഹ്യപ്രവര്‍ത്തകര്‍ വിഷയത്തില്‍ ഇടപെട്ടതോടെയാണ് കോയമ്പത്തൂര്‍ മേട്ടൂര്‍ സ്വദേശിയായ വിനോദ് അയ്യന് ദുരൈ (29)യുടെ മൃതദേഹം ഉറ്റവരുടെ അരികിലേക്ക് എത്തിച്ചത്.
ദോഹയിലെ ഒരു കമ്പനിയില്‍ സിവില്‍ എഞ്ചിനീയറായി ജോലി ചെയ്ത് വരികയായിരുന്ന വിനോദ് കഴിഞ്ഞ മാര്‍ച്ച് 30 നാണ് ഹൃദയാഘാതത്തെ തുടര്‍ന്ന് ദോഹയില്‍ മരിച്ചത്. കൊറോണ നിയന്ത്രണങ്ങളുടെ ഭാഗമായി ഇന്ത്യയുള്‍പ്പെടെയുള്ള മുഴുവന്‍ രാജ്യങ്ങളിലേക്കും വിമാനയാത്രാ നിയന്ത്രണം നിലനില്‍ക്കുന്നതിനിടെയാണ് വിനോദിന്റെ മരണം സംഭവിച്ചത്.
എന്നാല്‍ മൃതദേഹം അവസാനമായി കാണാനുള്ള ആഗ്രഹം നാട്ടിലെ ബന്ധുക്കള്‍ അറിയിച്ചതിനെ തുടര്‍ന്ന് ഖത്തറിലെ സാമൂഹ്യപ്രവര്‍ത്തകര്‍ വിഷയത്തില്‍ ഇടപെട്ടു. ഖത്തറിലെ സാമൂഹ്യപ്രവര്‍ത്തകനായ അബ്ദുല്‍ സലാമും സന്നദ്ധ സംഘടനകളും ചേര്‍ന്ന് ഖത്തര്‍ എയര്‍വേയ്സിന്റെ ചരക്കുവിമാനത്തില്‍ മൃതദേഹം കൊണ്ടുപോകുന്നതിനുള്ള സാധ്യതകള്‍ തേടി.
എന്നാല്‍ രേഖകളും നടപടിക്രമങ്ങളുമെല്ലാം പൂര്‍ത്തിയാക്കിയെങ്കിലും സാങ്കേതിക കാരണങ്ങളാല്‍ ഉദ്ദേശിച്ച വിമാനം കഴിഞ്ഞ ദിവസം മുടങ്ങി. ഇനി ഏപ്രില്‍ അഞ്ചിന് മാത്രമെ മൃതദേഹം കൊണ്ടുപോകാന്‍ കഴിയൂവെന്നാണ് ഖത്തര്‍ എയര്‍വേയ്സ് അധികൃതര്‍ അറിയിച്ചിരുന്നത്. എന്നാല്‍ ഏപ്രില്‍ മൂന്നിന് തന്നെയുള്ള വിമാനത്തില്‍ കൊണ്ടുപോകാമെന്ന അറിയിപ്പ് പിന്നീട് ലഭിച്ചു.
ഇതോടെ ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിലടക്കമുള്ള എല്ലാ നടപടികളും പൂര്‍ത്തിയാക്കി. മറ്റ് തടസ്സങ്ങളൊന്നുമുണ്ടായില്ലെങ്കില്‍ വൈകീട്ട് 7.30 നുള്ള വിമാനത്തില്‍ വിനോദിന്റെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും. ആറുവര്‍ഷമായി ഖത്തറില്‍ ജോലിചെയ്യുന്ന വിനോദ് അയ്യന് ദുരൈക്ക് ആറുമാസം പ്രായമായ ഒരുമകളുണ്ട്. ഭാര്യ: ദിവ്യ. പിതാവ്: അയ്യന് ദുരൈ. മാതാവ്: സരസ്വതി.
Discussion about this post