ന്യൂഡല്‍ഹി: കൊറോണയ്ക്കെതിരായ പോരാട്ടത്തില്‍ സര്‍ക്കാര്‍ ഉത്തരവുകള്‍ പാലിച്ച് ഇന്ത്യയിലെ 100 ശതമാനം മുസ്ലിങ്ങളും രാജ്യത്തിനൊപ്പമാണെന്ന് ജംഇയ്യത്ത് ഉലമെ ഹിന്ദ് സെക്രട്ടറി ജനറല്‍ മൗലാന മഹ്മൂദ് മദനി. മതത്തിന്റെയോ നമസ്കാരത്തിന്റെയോ പേരില്‍ സാമൂഹിക അകലവും ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങളും പാലിക്കാതിരിക്കുന്നത് ഹറാമാണെന്നും(നിഷിദ്ധമാണെന്ന്) അദ്ദേഹം വ്യക്തമാക്കി.
ഇന്ത്യ ടുഡെക്ക് നല്കിയ പ്രത്യേക അഭിമുഖത്തിലായിരുന്നു മഹ്മൂദ് മദനി ഇക്കാര്യം പറഞ്ഞത്. തബ്ലീഗി ജമാഅത്ത് മര്‍ക്കസ് നേതാവിന്റേതാണെന്ന തരത്തില്‍ കൊറോണ കാലത്ത് സാമൂഹിക അകലം പാലിക്കേണ്ടതില്ലെന്നും മുസ്ലിങ്ങളെ മതചടങ്ങുകളില്‍ നിന്ന് മാറ്റി നിര്‍ത്താനാണ് ഇത്തരം കാര്യങ്ങളെന്നുമുള്ള തരത്തില്‍ ഒരു ഓഡിയോ പ്രചരിച്ചിരുന്നു.
ഇതില്‍ വിശദീകരണം നല്‍കുകയായിരുന്നു മഹ്മൂദ് മദനി. ‘ഓഡിയോയുടെ ആധികാരികത ബോധ്യപ്പെട്ടിട്ടില്ല. പക്ഷേ ഓഡിയോ സത്യമാണെങ്കില്‍ ആ സന്ദേശം തെറ്റാണെന്നു മാത്രമല്ല അത് കുറ്റകരവുമാണ്’ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം, സര്‍ക്കാര്‍ ഈ ഘട്ടത്തില്‍ പ്രതികാര നടപടികളിലേക്ക് പോകരുതെന്നും ആദ്യം തബ്ലീഗി ജമാഅത്ത് അംഗങ്ങള്‍ക്ക് സുരക്ഷിതമായി മുന്നോട്ടുവന്ന് ചികിത്സ തേടാനുള്ള സൗകര്യമൊരുക്കുകയാണ് ചെയ്യേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി.
രോഗം ബാധിച്ചവര്‍ക്ക് ചികിത്സ നല്കിയ ശേഷമാം നിയമലംഘനങ്ങളും കുറ്റങ്ങളും ചുമത്തുന്ന പ്രക്രിയ എന്നും മൗലാന മദനി പറഞ്ഞു.’ലക്ഷക്കണക്കിന് പള്ളികളാണ് ഇന്ത്യയിലുള്ളത്. ഏതാണ്ട് പൂര്‍ണ്ണമായും സര്‍ക്കാര്‍ ഉത്തരവുകള്‍ പാലിച്ചിരുന്നവരുമാണ്. നാമെല്ലാം ഈ ഘട്ടത്തില്‍ ഒരുമിച്ചാണ്. ഇന്ത്യയിലെ 100 ശതമാനം മുസ്ലിങ്ങളും ഈ പോരാട്ടത്തില്‍ രാജ്യത്തിനൊപ്പമാണ്. തുടര്‍ന്നും അങ്ങനെ തന്നെയായിരിക്കും.’ മൗലാന മദനി പറഞ്ഞു.
Discussion about this post