സംസ്ഥാന അതിര്‍ത്തികള്‍ അടച്ച് തൊഴിലാളികളുടെ പലായനം തടയണം; സംസ്ഥാനങ്ങള്‍ക്ക് കര്‍ശന നിര്‍ദേശവുമായി കേന്ദ്രം, ഇപ്പോള്‍ എവിടെയാണോ അവിടെ തുടരണം

ന്യൂഡല്‍ഹി: രാജ്യത്ത് സമ്പൂര്‍ണ്ണ ലോക്ക് ഡൗണ്‍ ഏര്‍പ്പെടുത്തിയതിനു പിന്നാലെ സ്വന്തം സംസ്ഥാനത്തേയ്ക്ക് കൂട്ടപലായനം നടത്തുകയാണ് അതിഥി തൊഴിലാളികള്‍. എല്ലാ വിലക്കിനെയും മറികടന്നാണ് ഇവരുടെ സഞ്ചാരം. ഇപ്പോള്‍ ഇക്കാര്യത്തില്‍ സംസ്ഥാനങ്ങള്‍ക്ക് കര്‍ശന നിര്‍ദേശവുമായി രംഗത്തെത്തിയിരിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍.

സംസ്ഥാനങ്ങള്‍ അതിര്‍ത്തികള്‍ അടക്കണമെന്നും അതിഥി തൊഴിലാളികള്‍ എവിടെയാണോ അവിടെ തുടരാനാവശ്യമായ സൗകര്യങ്ങള്‍ ചെയ്തുകൊടുക്കണമെന്നും കേന്ദ്രം നിര്‍ദേശിച്ചു. തൊഴിലാളികള്‍ എവിടെയാണോ ഉള്ളത് അവിടം വിട്ടുപോകുന്നില്ലെന്ന് ഉറപ്പുവരുത്തണം.

സംസ്ഥാനത്ത് കഴിയുന്ന അതിഥി തൊഴിലാളികള്‍ക്ക് ഭക്ഷണവും പാര്‍പ്പിടവും നല്‍കണം. ഇവര്‍ക്ക് വേതനം ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണം. തൊഴിലാളികളോട് ഒഴിഞ്ഞുപോകാന്‍ ആവശ്യപ്പെടുന്നവര്‍ക്കെതിരെ നടപടിയെടുക്കണമെന്നും കേന്ദ്രം വ്യക്കമാക്കി. ഇതിനായി സംസ്ഥാന സര്‍ക്കാരിന് ആവശ്യമായ ഫണ്ട് കേന്ദ്രം അനുവദിക്കുമെന്നും ഇതുസംബന്ധിച്ച സര്‍ക്കുലറില്‍ വ്യക്തമാക്കുന്നു.

കൊറോണ വ്യാപനം തടയുന്നതിന് വേണ്ടി പ്രധാനമന്ത്രി പ്രഖ്യാപിച്ച ലോക്ക്ഡൗണ്‍ നിര്‍ദേശങ്ങള്‍ കര്‍ശനമായി നടപ്പാക്കേണ്ടത് അനിവാര്യമാണ്. എല്ലാവരുടെയും ഗുണത്തിന് വേണ്ടിയാണ് അത് നടപ്പിലാക്കിയിരിക്കുന്നതെന്നും സര്‍ക്കുലറില്‍ പറയുന്നുണ്ട്.

Exit mobile version