ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് 19 വൈറസ് വ്യാപനത്തെ തുടര്‍ന്ന് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ രാജ്യത്തെ മഹാനഗരങ്ങളില്‍ നിന്ന് തൊഴിലാളികള്‍ നടത്തുന്ന കൂട്ട പലായനത്തില്‍ കേന്ദ്രസര്‍ക്കാരിനെതിരെ രൂക്ഷമായി വിമര്‍ശിച്ച് രാഹുല്‍ ഗാന്ധി എംപി.
ലോക്ക് ഡൗണ്‍ കാരണം നമ്മുടെ സഹോദരീ സഹോദരന്മാര് അവരുടെ വീട്ടിലെത്താന്‍ കഷ്ടപ്പെടുകയാണെന്നും രാജ്യത്തെ പൗരന്മാരോട് ചെയ്യുന്ന ഏറ്റവും വലിയ കുറ്റകൃത്യമാണിതെന്നുമാണ് രാഹുല്‍ ഗാന്ധി സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്. സ്വദേശങ്ങളിലേക്ക് പോകുന്നതിന് വേണ്ടി ഡല്‍ഹി-ഉത്തര്‍പ്രദേശ് അതിര്‍ത്തിക്ക് സമീപം തമ്പടിച്ചിരിച്ചിരിക്കുന്ന നൂറ് കണക്കിന് പേരുടെ വീഡിയോയും അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്.
ഡല്‍ഹി-ഉത്തര്‍പ്രദേശ് അതിര്‍ത്തിയായ ഗാസിപൂരില്‍ ആയിരക്കണക്കിന് മനുഷ്യരാണ് നാട്ടിലേക്ക് പോവുന്നതിനായി തടിച്ചികൂടിയിരിക്കുന്നത്. അതേസമയം തൊഴിലാളികളെ അവരവരുടെ സ്വദേശങ്ങളിലേക്ക് എത്തിക്കാന്‍ 1000 ബസുകള്‍ ഏര്‍പ്പാട് ചെയ്തതായി ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്. അവര്‍ക്ക് ഭക്ഷണം നല്‍കാനുള്ള സംവിധാനങ്ങളും നല്‍കുമെന്നാണ് സര്‍ക്കാര്‍ വ്യക്തമാക്കിയിരിക്കുന്നത്.
Discussion about this post