കൊറോണ നിരീക്ഷണത്തിലിരിക്കെ ആശുപത്രി കെട്ടിടത്തില്‍ നിന്ന് ചാടി ജീവനൊടുക്കി; ഫലം വന്നപ്പോള്‍ നെഗറ്റീവ്, അധികൃതരെ പഴിചാരി കുടുംബം

ന്യൂഡല്‍ഹി: കൊറോണ നിരീക്ഷണത്തിലിരിക്കെ ആശുപത്രി കെട്ടിടത്തില്‍ നിന്ന് ചാടി ജീവനൊടുക്കിയ യുവാവിന് കൊറോണ പരിശോധനാ ഫലത്തില്‍ നെഗറ്റീവ്. ഡല്‍ഹി സഫ്ദര്‍ജങ് ആശുപത്രി കെട്ടിടത്തില്‍ നിന്ന് ചാടിയാണ് ഇയാള്‍ ജീവിതം അവസാനിപ്പിച്ചത്.

ഈ മാസം 18നാണ് ഡല്‍ഹി എയര്‍പോര്‍ട്ടില്‍ വന്നിറങ്ങിയ ഇയാളെ കൊറോണ പരിശോധനയ്ക്കായി കൊണ്ടുപോയത്. പഞ്ചാബിലെ ബലാചൗര്‍ ജില്ലക്കാരനായ ഇയാള്‍ മാര്‍ച്ച് 18നാണ് ഓസ്ട്രേലിയയിലെ സിഡ്നിയില്‍ നിന്ന് ഡല്‍ഹിയിലെത്തിയത്. വിമാനത്താവളത്തിലെ പ്രാഥമിക പരിശോധനയില്‍ തനിക്ക് തലവേദനയുണ്ടെന്ന് ഇയാള്‍ അറിയിച്ചിരുന്നു. ശേഷം ആശുപത്രിയിലെത്തിച്ച് സാമ്പിളുകള്‍ എടുത്ത് പരിശോധനയ്ക്ക് അയച്ചു. പിന്നാലെയാണ് ഇയാള്‍ ജീവനൊടുക്കിയത്.

ഇയാളുടെ പരിശോധനാ ഫലം കഴിഞ്ഞ ദിവസമാണ് ലഭിച്ചത്. അതില്‍ കൊറോണ നെഗറ്റീവായിരുന്നുവെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു. മാര്‍ച്ച് 18ന് രാവിലെ ഒമ്പതിന് ആശുപത്രിയിലെത്തിച്ച ഇയാളെ തുടര്‍ പരിശോധനയ്ക്കായി ഡോക്ടര്‍മാര്‍ എത്തുമ്പോഴേക്കും ആത്മഹത്യ നടന്നിരുന്നു. അതേസമയം മരിച്ചയാളിന്റെ ബന്ധുക്കള്‍ അധകൃതരെ കുറ്റപ്പെടുത്തി രംഗത്ത് വന്നിട്ടുണ്ട്.

Exit mobile version