ന്യൂഡൽഹി: രാജ്യസഭാ എംപിയായി രാഷ്ട്രപതി രാം നാഥ് കോവിന്ദ് തന്നെ നാമനിർദേശം ചെയ്തത് സ്വീകരിക്കുമെന്ന് മുൻ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ്. സത്യപ്രതിജ്ഞ ചെയ്ത ശേഷം നാമനിർദേശം സ്വീകരിച്ചതിനെക്കുറിച്ച് സംസാരിക്കുമെന്നാണ് ഗൊഗോയ് അറിയിച്ചിരിക്കുന്നത്. ഗുവാഹത്തിയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ഞാൻ മിക്കവാറും നാളെ ഡൽഹിയിലേക്ക് പോകും. ഞാൻ ആദ്യം സത്യപ്രതിജ്ഞ ചെയ്യട്ടെ, എന്നിട്ട് ഇത് സ്വീകരിച്ചത് സംബന്ധിച്ച് മാധ്യമങ്ങളോട് വിശദമായി സംസാരിക്കാം’ ഗൊഗോയ് പറഞ്ഞതിങ്ങനെ.
13 മാസത്തോളം സുപ്രീംകോടതി ചീഫ് ജസ്റ്റിസായിരുന്ന ഗൊഗോയ് കഴിഞ്ഞ നവംബറിലാണ് വിരമിച്ചത്. അയോധ്യ ഭൂമി തർക്കവും ശബരിമല പ്രവേശനവും റാഫേൽ അഴിമതിയും ഉൾപ്പടെയുള്ള സുപ്രധാന കേസുകളിൽ ഗൊഗോയ് ആയിരുന്നു വിധി പ്രസ്താവിച്ചത്. കഴിഞ്ഞ ദിവസമാണ് രാഷ്ട്രപതി അദ്ദേഹത്തെ രാജ്യസഭയിലേക്ക് നാമനിർദേശം ചെയ്തത്. ഗൊഗോയിക്ക് രാജ്യസഭാ സീറ്റ് നൽകുന്നതിൽ വ്യാപക ആക്ഷേപങ്ങൾ നിലനിൽക്കെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.
Discussion about this post