ന്യൂഡല്‍ഹി: ‘പേടിക്കേണ്ട യാതൊരു ആവശ്യവുമില്ല, ഇത് സാധാരണ പനി പോലെ തന്നെയാണ്, നമ്മുടെ ആരോഗ്യമേഖല കൊറോണയെ നേരിടാന്‍ പരിപൂര്‍ണ സജ്ജമാണ്’ കൊറോണ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് സഫ്ദര്‍ജങ് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ഡല്‍ഹി സ്വദേശി രോഹിത് ദത്ത പറയുന്നു. ആരോഗ്യവാന്മാരാണെങ്കില് ചികിത്സ കുറേക്കൂടി എളുപ്പമാണെന്നും രോഹിത് കൂട്ടിച്ചേര്‍ത്തു.
രോഗത്തില്‍ നിന്നും മുക്തനായി ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്ത ഡല്‍ഹിയിലെ ആദ്യ വ്യക്തിയാണ് 45-കാരനായ ഈ ബിസിനസ്സുകാരന്. രോഹിത്തിന്റെ വാക്കുകള്‍ ജനങ്ങള്‍ക്ക് ഏറെ ആശ്വാസവും ഒപ്പം ആത്മവിശ്വാസം പകരുകയും ചെയ്യുന്നു. യൂറോപ്പില്‍ നിന്ന് ഫെബ്രുവരി 25നാണ് രോഹിത് മടങ്ങിയെത്തിയത്. അടുത്ത ദിവസം തന്നെ രോഗലക്ഷണങ്ങള്‍ കണ്ടുതുടങ്ങി.
‘പനിവന്നതോടെ ഞാന്‍ ഡോക്ടറുടെ അടുത്തേക്ക് പോയി. അദ്ദേഹം എനിക്ക് തൊണ്ടയില്‍ അണുബാധയാണെന്നാണ് പറഞ്ഞത്. മൂന്നുദിവസത്തേക്ക് മരുന്നും തന്നിരുന്നു. 28 ആയപ്പോഴേക്കും എനിക്ക് അസുഖം മാറി. പക്ഷേ വീണ്ടും പനി വന്നു. അതോടെ ഞാന്‍ റാം മനോഹര്‍ ലോഹ്യ ആശുപത്രിയിലേക്ക് പോയി. മാര്‍ച്ച് ഒന്നിനാണ് എനിക്ക് കൊറോണയാണെന്ന് സ്ഥിരീകരിച്ചത്.’-രോഹിത് പറയുന്നു.
‘പരിശോധനാഫലം പോസിറ്റീവാണെന്ന് അറിയുന്ന നിമിഷം വരെയുള്ള സമയം മാത്രമായിരുന്നു ഏറ്റവും ബുദ്ധിമുട്ടേറിയത്. എന്നെ സഫ്ദര്‍ജങ് ആശുപത്രിയിലേക്ക് മാറ്റി. ഒരു സംഘം ഡോക്ടര്‍മാര്‍ പിറ്റേന്നുതന്നെ എന്നെ കാണാന്‍ ആശുപത്രിയിലെത്തി. അവര്‍ എന്നെ ആശ്വസിപ്പിച്ചു. ചികിത്സിച്ച് ഭേദമാക്കാന്‍ സാധിക്കുന്ന അസുഖമാണിതെന്നും നിങ്ങള്‍ ആരോഗ്യവാനാണെന്നും അവര്‍ എന്നോട് പറഞ്ഞു.
ഇത് വെറും ജലദോഷവും ചുമയുമാണ് അത് മാറും. സാധാരണ ജലദോഷവും പനിയും ഭേദമാകാന്‍ എടുക്കുന്നതിനേക്കാള്‍ കൂടുതല്‍ സമയം ഇത് ഭേദമാകാന്‍ എടുത്തേക്കാമെന്നും അവര്‍ പറഞ്ഞതോടെ പേടി എല്ലാം മാറി. പക്ഷേ സാധാരണ വരുന്ന ജലദോഷവും ചുമയും പോലെ ആയിരുന്നില്ല അത്’ എന്നും രോഹിത് പറയുന്നു.
‘സഫ്ദര്‍ജങ് ആശുപത്രിയിലെ ഐസൊലേഷന്‍ വാര്‍ഡിലായിരുന്നു ഞാന്‍. കൊറോണ ചികിത്സക്കായി സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ സംവിധാനമാണ് അത്. ആശുപത്രിയില്‍ വളരെ നല്ല സൗകര്യങ്ങളാണ് ഏര്‍പ്പെടുത്തിയിരുന്നത്. സ്വകാര്യ ആശുപത്രികള്‍ ഉള്‍പ്പടെ ഞാന്‍ കണ്ടിട്ടുള്ളതില്‍ വെച്ച് മികച്ചത്. എനിക്ക് ബാത്റൂം ഉള്‍പ്പടെയുള്ള ഏറ്റവും വൃത്തിയുള്ള ഒരു സ്വകാര്യ മുറിയാണ് നല്‍കിയത്.’ രോഹിത് കൂട്ടിച്ചേര്‍ത്തു.
‘ഹോളിയുടെ സമയത്ത് കേന്ദ്ര ആരോഗ്യമന്ത്രി ഹര്ഷവര്ധന് വിളിച്ച് എനിക്ക് അദ്ദേഹം ഹോളി ആശംസകള്‍ നേര്‍ന്നു. കൊറോണ രോഗികളുടെ കാര്യങ്ങള്‍ ആരോഗ്യമന്ത്രിയും പ്രധാനമന്ത്രിയും നേരിട്ട് നിരീക്ഷിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഞാനൊരു സാധാരണക്കാരനാണ്. ആലോചിച്ചുനോക്കൂ, രാജ്യത്തിന്റെ ആരോഗ്യമന്ത്രിയാണ് എന്നെ വിളിച്ചത് ‘ രോഗത്തില്‍ നിന്നും രക്ഷനേടിയ സന്തോഷത്തില്‍ രോഹിത് പറഞ്ഞു.
ആശുപത്രിയില്‍ ഡിസ്ചാര്‍ജ്ജായ രോഹിത് ഇപ്പോള്‍ വീട്ടിലാണ്. സുരക്ഷയെ മുന്‍നിര്‍ത്തി അടുത്ത പതിന്നാലുദിവസം വീട്ടില്‍ നിന്ന് പുറത്തിറങ്ങരുതെന്ന് ഇദ്ദേഹത്തിന് ഡോക്ടര്‍മാര്‍ കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്. മറ്റ് രോഗികള്‍ക്കും രോഗഭീതിയില്‍ കഴിയുന്നവര്‍ക്കും രോഹിത്തിന്റെ വാക്കുകള്‍ ഏറെ ആശ്വാസം പകരുന്നതാണ്.
Discussion about this post