ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് 19 വൈറസ് ബാധിതരുടെ എണ്ണം വര്‍ധിച്ച സാഹചര്യത്തില്‍ കര്‍ത്താപുര്‍ ഇടനാഴിയിലൂടെയുള്ള യാത്രയ്ക്ക് വിലക്കേര്‍പ്പെടുത്തി ഇന്ത്യ. നേരത്തേ വൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായി ഇടനാഴിയില്‍ പാകിസ്താന് നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ ഇന്ത്യയും യാത്രക്കാര്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്.
ഇതിനു പുറമെ അതിര്‍ത്തികളും അനിശ്ചിതകാലത്തേക്ക് അടച്ചിരിക്കുകയാണ് ഇന്ത്യ. പാകിസ്താനിലേക്കും തിരികെയുമുള്ള കര അതിര്‍ത്തികവാടങ്ങളെല്ലാം അനിശ്ചിതകാലത്തേക്ക് അടയ്ക്കുന്നതായാണ് കേന്ദ്ര ആഭ്യന്തരമന്ത്രാലയമാണ് വ്യക്തമാക്കിയത്. ഇതിനു പുറമെ നേപ്പാള്‍, ഭൂട്ടാന്, ബംഗ്ലാദേശ്, മ്യാന്മര് എന്നീ രാജ്യങ്ങളിലേക്കുള്ള കര അതിര്‍ത്തി കവാടങ്ങളില്‍ ഇന്ന് അര്‍ധരാത്രിയോടെ അടയ്ക്കുമെന്നും കേന്ദ്ര ആഭ്യന്തരമന്ത്രാലയം അറിയിച്ചു.
നേരത്തേ ബംഗ്ലാദേശില്‍ കൊവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഇന്ത്യയ്ക്കും ബംഗ്ലാദേശിനുമിടയിലുള്ള രണ്ട് ട്രെയിന്‍ സര്‍വീസുകള്‍ റദ്ദാക്കിയിരുന്നു. മൈത്രി എക്സ്പ്രസ്, ബന്ധന് എക്സ്പ്രസ് എന്നിവയാണ് അടുത്ത മാസം പതിനഞ്ചാം തീയതി വരെ റദ്ദാക്കിയിരിക്കുന്നത്. രാജ്യത്ത് ഇതുവരെ നൂറ് പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്.
Discussion about this post