മുംബൈ: മുൻപ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവിന് ഭരണഘടനാ ശിൽപ്പി ബിആർ അംബേദ്ക്കറോടും വിഡി സവർക്കറോടും അസൂയയായിരുന്നുവെന്ന് ബിജെപി നേതാവ് സുബ്രഹ്മണ്യൻ സ്വാമി. നെഹ്റുവിന് ഒരു വിചിത്ര രോഗമുണ്ടായിരുന്നു. നേട്ടങ്ങൾ കൈവരിക്കുന്നവരോട് നെഹ്‌റുവിന് എന്നും അസൂയയായിരുന്നെന്ന് സവർക്കറുടെ ചരമ വാർഷികത്തോടനുബന്ധിച്ച് മുംബൈയിൽ നടന്ന അനുസ്മരണ പരിപാടിയിൽ സംസാരിക്കവെ സുബ്രഹ്മണ്യൻ സ്വാമി പറഞ്ഞു. ഭരണഘടനാ ശിൽപിയായ ബിആർ അംബേദ്ക്കറിനോടും വിനായക് ദാമോദർ സവർക്കറിനോടും നെഹ്‌റുവിന് അസൂയായിരുന്നുവെന്നും സുബ്രഹ്മണ്യൻ സ്വാമി പറഞ്ഞു.
അംബേദ്ക്കറിന് കൊളംബിയയിൽ നിന്ന് പിഎച്ച്ഡി ലഭിച്ചപ്പോൾ നെഹ്‌റുവിന് അസൂയയായി. അതിനുശേഷം ലണ്ടൻ സ്‌കൂൾ ഓഫ് ഇക്കണോമിക്സിൽ പഠിച്ച അംബേദ്ക്കർ നിയമ ബിരുദവും സ്വന്തമാക്കി. പിന്നീട് ഇന്ത്യയിൽ തിരിച്ചെത്തിയ അംബേദ്ക്കർ ഭരണഘടന കമ്മിറ്റിയുടെ ചെയർമാനായി ഭരണഘടന നിർമ്മാണത്തിന് നേതൃത്വം വഹിച്ചു. എന്നാൽ കേംബ്രിഡ്ജിൽ പഠിക്കാൻ പോയ നെഹ്റു പരീക്ഷയിൽ പരാജയപ്പെട്ടെന്നും സുബ്രഹ്മണ്യൻ സ്വാമി പറഞ്ഞു.
അതേസമയം, സവർക്കർ ഒരു പണ്ഡിതനായിരുന്നു. എന്നാൽ നെഹ്റു പണ്ഡിതനായിരുന്നില്ലെന്നും സുബ്രഹ്മണ്യയൻ സ്വാമി ആരോപിച്ചു. സ്വയം ഒരു പണ്ഡിതനായി ചിത്രീകരിക്കാൻ നെഹ്റു തന്റെ പേരിന് മുന്നിൽ പണ്ഡിറ്റ് എന്ന് എഴുതി ചേർത്തതാണെന്നാണ് സുബ്രഹ്മണ്യൻ സ്വാമിയുടെ ആരോപണം.