നൂറുരൂപ ഉത്തരക്കടലാസിനൊപ്പം വെച്ചേക്കൂ, ടീച്ചര്‍മാര്‍ കണ്ണടച്ച് മാര്‍ക്കിട്ടോളും; വിദ്യാര്‍ത്ഥികള്‍ക്ക് കോപ്പിയടിക്കാന്‍ ‘വഴി’ പറഞ്ഞുകൊടുത്തു, പ്രിന്‍സിപ്പാള്‍ അറസ്റ്റില്‍

ലഖ്നൗ: പത്താം ക്ലാസ്-പ്ലസ് ടു ബോര്‍ഡ് പരീക്ഷകളില്‍ കോപ്പിയടിക്കാന്‍ വഴി പറഞ്ഞുകൊടുത്ത പ്രന്‍സിപ്പാള്‍ അറസ്റ്റില്‍. ഉത്തര്‍പ്രദേശിലാണ് സംഭവം. പ്രിന്‍സിപ്പാളിന്റെ ഉപദേശം വിദ്യാര്‍ത്ഥികളില്‍ ഒരാള്‍ വീഡിയോ പകര്‍ത്തി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ പരാതിപരിഹാര പോര്‍ട്ടലില്‍ അപ്ലോഡ് ചെയ്യുകയും ചെയ്തു. ഇതിനു പിന്നാലെയാണ് പ്രിന്‍സിപ്പാളിനെ അറസ്റ്റ് ചെയ്തത്.

മാവു ജില്ലയിലെ സ്വകാര്യ സ്‌കൂളിന്റെ മാനേജറും പ്രിന്‍സിപ്പാളുമായ പ്രവീണ്‍ മാല്‍ ആണ് പിടിയിലായത്. ചൊവ്വാഴ്ചയാണ് ഉത്തര്‍ പ്രദേശ് സെക്കന്‍ഡറി എജ്യൂക്കേഷന്‍ ബോര്‍ഡ് പരീക്ഷകള്‍ ആരംഭിച്ചത്. പ്രവീണ്‍ കുട്ടികളോട് സംസാരിക്കുന്ന സമയത്ത് ചില രക്ഷിതാക്കളും ഒപ്പമുണ്ടായിരുന്നു. ‘എന്റെ വിദ്യാര്‍ത്ഥികളാരും പരാജയപ്പെടില്ലെന്ന് എനിക്ക് വെല്ലുവിളിക്കാനാകും. അവര്‍ക്കാര്‍ക്കും പേടിക്കേണ്ട ആവശ്യവുമില്ല’- രണ്ടുമിനുട്ട് ദൈര്‍ഘ്യമുള്ള വീഡിയോ ക്ലിപ്പില്‍ പ്രവീണ്‍ പറയുന്നു.

പ്രവീണിന്റെ വാക്കുകള്‍;

നിങ്ങള്‍ക്ക് പരസ്പരം ചോദിച്ചെഴുതാം. ആരും ആരുടെയും കൈയ്യില്‍ തൊടരുത്. പരസ്പരം ചോദിക്കാം. അതിന് കുഴപ്പമില്ല. ഭയക്കേണ്ട ആവശ്യമില്ല. നിങ്ങള്‍ പരീക്ഷയെഴുതുന്ന സര്‍ക്കാര്‍ സ്‌കൂളിലെ പരീക്ഷാകേന്ദ്രങ്ങളിലുള്ളത് എന്റെ സുഹൃത്തുക്കളാണ്. കോപ്പിയടിക്കുന്നതിനിടെ പിടിക്കപ്പെടുകയും ആരെങ്കിലും രണ്ടടി തന്നാലും ഭയപ്പെടേണ്ട.

അതങ്ങു സഹിച്ചാല്‍ മതി. ഒരു ചോദ്യവും ഉത്തരം എഴുതാതെ വിടരുത്. ഒരു നൂറുരൂപ ഉത്തരക്കടലാസിനൊപ്പം വെച്ചേക്കൂ. ടീച്ചര്‍മാര്‍ കണ്ണടച്ച് മാര്‍ക്കിട്ടോളും. നാലുമാര്‍ക്കിന്റെ ഒരു ചോദ്യത്തിന് നിങ്ങള്‍ തെറ്റായ ഉത്തരമാണ് എഴുതിയത് എന്നിരിക്കട്ടെ, അവര്‍ നിങ്ങള്‍ക്ക് മൂന്നുമാര്‍ക്ക് തന്നോളും.

Exit mobile version