ബിജെപിക്ക് കനത്ത തിരിച്ചടി; പൗരത്വ ഭേദഗതിയില്‍ പ്രതിഷേധിച്ച് നാഗാലാന്റില്‍ 22 നേതാക്കള്‍ പാര്‍ട്ടി വിട്ടു

കേന്ദ്രസര്‍ക്കാരിന്റെ പൗരത്വ നിയമ ഭേദഗതിയില്‍ പ്രതിഷേധിച്ചാണ് ഇവര്‍ പാര്‍ട്ടിയില്‍ നിന്നും രാജിവെച്ചത്.

കൊഹിമ: ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പിന് പിന്നാലെ ബിജെപിക്ക് വീണ്ടും തിരിച്ചടി. നാഗാലാന്റില്‍ 22 ബിജെപി നേതാക്കള്‍ പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ചു. കേന്ദ്രസര്‍ക്കാരിന്റെ പൗരത്വ നിയമ ഭേദഗതിയില്‍ പ്രതിഷേധിച്ചാണ് ഇവര്‍ പാര്‍ട്ടിയില്‍ നിന്നും രാജിവെച്ചത്.

പാര്‍ട്ടി വിട്ട നേതാക്കള്‍ നാഗാ പീപ്പിള്‍സ് ഫ്രണ്ടില്‍ ചേര്‍ന്നതായി ഈസ്റ്റ് മോജോ റിപ്പോര്‍ട്ട് ചെയ്തു. ദിമാപുറില്‍ വച്ച് നടന്ന ചടങ്ങില്‍ ബിജെപി വിട്ട് വന്ന നേതാക്കളെ നാഗാ പീപ്പിള്‍സ് ഫ്രണ്ട് പ്രസിഡന്റ് ഷുര്‍ഹോസ്‌ലി സ്വാഗതം ചെയ്തു. കൂടുതല്‍ നേതാക്കള്‍ ബിജെപി നിന്ന് രാജിവെച്ച് പാര്‍ട്ടിയിലേക്കെത്തുമെന്നും അദ്ദേഹം വാര്‍ത്തപകുറിപ്പില്‍ പറഞ്ഞു. തോഷി ലോംഗ്കുമേര്‍, മുന്‍ ബിജെപി ന്യൂനപക്ഷ സെല്‍ പ്രസിഡന്റ് മുകിബുര്‍ റഹ്മാന്‍ തുടങ്ങിയവരാണ് പാര്‍ട്ടി വിട്ടത്.

അതേസമയം, വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ ജനങ്ങളെ കൂടുതലായി ബാധിക്കുന്നതാണ് പൗരത്വ നിയമ ഭേദഗതിയെന്ന് മുകിബുര്‍ റഹ്മാന്‍ പറഞ്ഞു. ജനങ്ങളുടെ പൗരത്വ സംരക്ഷിക്കാനായി നാഗാ പീപ്പിള്‍സ് ഫ്രണ്ട് കഠിനമായി പ്രയ്തനിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Exit mobile version