പ്രധാനമന്ത്രിക്കെതിരെയുള്ള ആക്രമണത്തെ സഹിക്കില്ല, ഇവിടുത്തെ തെരഞ്ഞെടുപ്പില്‍ ഇടപെടേണ്ട; മോഡിയെ പരിഹസിച്ച പാകിസ്താന്‍ മന്ത്രിക്ക് മറുപടി നല്‍കി കെജരിവാള്‍

ഒരു യുദ്ധത്തില്‍ പാകിസ്താനെ പരാജയപ്പെടുത്താന്‍ ഇന്ത്യയ്ക്ക് വെറും ഒരാഴ്ച മതി എന്ന മോഡിയുടെ വാക്കുകളെയാണ് പാക് മന്ത്രി പരിഹസിച്ചത്.

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ പരിഹസിച്ച പാകിസ്താന്‍ മന്ത്രി ഫവാദ് ഹുസൈന് മറുപടി നല്‍കി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍. മോഡി തന്റെയും കൂടി പ്രധാനമന്ത്രിയാണെന്നും ഡല്‍ഹിയിലെ തെരഞ്ഞെടുപ്പില്‍ പാകിസ്താന്‍ ഇടപെടേണ്ടെന്നുമാണ് മന്ത്രിക്ക് കെജരിവാള്‍ നല്‍കിയ മറുപടി. പ്രധാനമന്ത്രിക്കെതിരായ ആക്രമണത്തെ സഹിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഒരു യുദ്ധത്തില്‍ പാകിസ്താനെ പരാജയപ്പെടുത്താന്‍ ഇന്ത്യയ്ക്ക് വെറും ഒരാഴ്ച മതി എന്ന മോഡിയുടെ വാക്കുകളെയാണ് പാക് മന്ത്രി പരിഹസിച്ചത്. വരാനിരിക്കുന്ന ഡല്‍ഹി തെരഞ്ഞെടുപ്പിലെ പരാജയഭീതിയിലാണ് മോഡിയെന്നും സമ്പദ് വ്യവസ്ഥയുടെ തകര്‍ച്ചയും പൗരത്വ നിയമവും കൂടാതെ കാശ്മീര്‍ വിഷയത്തിലെ ആഭ്യന്തരവും ബാഹ്യവുമായ പ്രതിസന്ധികളും മോഡിയുടെ സമനില തകരാറിലാക്കിയെന്നുമായിരുന്നു പാക് മന്ത്രിയുടെ പരിഹാസം. ഇതിനാണ് കെജരിവാള്‍ മറുപടി നല്‍കിയത്.

കെജരിവാളിന്റെ വാക്കുകള്‍;

‘നരേന്ദ്ര മോഡി ഇന്ത്യയുടെ പ്രധാനമന്ത്രിയാണ്. അദ്ദേഹം എന്റെയും കൂടി പ്രധാനമന്ത്രിയാണ്. ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഡല്‍ഹി തെരഞ്ഞെടുപ്പ് ഞങ്ങളുടെ ആഭ്യന്തര കാര്യമാണ്. അതില്‍ തീവ്രവാദത്തിന്റെ ഏറ്റവും വലിയ സംഘാടകര്‍ ഇടപെടുന്നത് ഞങ്ങള്‍ സഹിക്കില്ല. പാകിസ്താന്‍ എത്ര ശ്രമിച്ചാലും ഇന്ത്യയുടെ ഐക്യത്തിന് ഒരു ദോഷവും വരുത്താന്‍ കഴിയില്ല.”

Exit mobile version