ന്യൂഡൽഹി: കാശ്മീരിൽ നിന്നും ഭാകരവാദികളെ ഡൽഹിയിലേക്ക് കടത്താൻ ശ്രമിക്കുന്നതിനിടെ എഎസ്പി ദേവീന്ദർ സിങ് അറസ്റ്റിലായ കേസ് തേയ്ച്ച് മായ്ച്ച് കളയാൻ കേന്ദ്രസർക്കാർ ഇടപെടലെന്ന് ആരോപിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. തീവ്രവാദിയായ ദേവീന്ദർ സിങിനെ നിശബ്ദനാക്കാനാണ് കേസ് എൻഐഎക്ക് വിട്ടതെന്നും ഇതോടെ കേസ് ഇല്ലാതായതായും രാഹുൽ ട്വീറ്ററിലൂടെ പ്രതികരിച്ചു. ദേവീന്ദർ സിങിനെ നിശബ്ദനാക്കാൻ ആർക്കാണ് താൽപര്യമെന്നും രാഹുൽ ചോദിച്ചു. ‘എൻഐഎയെ നയിക്കുന്നത് മറ്റൊരു മോഡിയാണ്. ഗുജറാത്ത് കലാപം അന്വേഷിച്ച വൈകെ മോഡിയാണ് എൻഐഎയടെ തലപ്പത്ത്. ഇതോടെ കേസ് ഇല്ലാതായതുപോലെയായെന്നുമാണ് രാഹുലിന്റെ ആരോപണം.
കഴിഞ്ഞ ദിവസമാണ് ഭീകരവാദികൾക്കൊപ്പം അറസ്റ്റിലായ ജമ്മു കാശ്മീർ പോലീസ് ഓഫീസർ ദേവീന്ദർ സിങിന്റെ കേസ് ദേശീയ അന്വേഷണ ഏജൻസി(എൻഐഎ)ക്ക് കൈമാറിയത്. ഭീകരവാദ സംഘങ്ങളുമായി ദേവീന്ദറിനുള്ള ബന്ധം അന്വേഷിക്കാനും ഭീകരാക്രമണ സംഭവങ്ങളിൽ ഇയാൾക്ക് പങ്കുണ്ടോയെന്ന് അന്വേഷിക്കാനുമാണ് എൻഐഎക്കുള്ള നിർദേശം.
റിപ്പബ്ലിക് ദിനത്തിൽ ന്യൂഡൽഹിയിൽ ഭീകരാക്രമണത്തിന് പദ്ധതിയിട്ട രണ്ട് ഹിസ്ബുൾ ഭീകരർക്കൊപ്പം കാർ യാത്ര നടത്തുന്നതിനിടെയാണ് ദേവീന്ദ്രർ സിങ് പിടിയിലായത്. കാർ യാത്രയിൽ കൂടെയുണ്ടായിരുന്ന ഹിസ്ബുൾ ഭീകരൻ നവീദ് ബാബുവിനെയും സംഘത്തേയും കാശ്മീർ അതിർത്തി കടക്കാൻ ദേവീന്ദർ സിങ് സഹായിക്കുകയായിരുന്നെന്നാണ് വിവരം.
Discussion about this post