ഗാന്ധിനഗര്‍: നാലാമതും പെണ്‍കുഞ്ഞ് ജനിച്ചതിന്റെ മനോവിഷമത്തില്‍ മൂന്ന് മക്കളെ കിണറ്റില്‍ എറിഞ്ഞുകൊലപ്പെടുത്തിയ ശേഷം പിതാവ് ജീവനൊടുക്കി. ഗുജറാത്തിലെ ജുനാഗാദ് ജില്ലയിലെ ഖംബാലിയ ഗ്രാമത്തിലാണ് ദാരുണ സംഭവം നടന്നത്. അഞ്ജലി (7), റിയ (5), ജല്പ (3) എന്നിവരെയാണ് പിതാവ് കിണറ്റില്‍ എറിഞ്ഞു കൊന്നത്.
ശേഷം റാസിക് സോളങ്കി(35) എന്ന കര്ഷകന് ജീവനൊടുക്കുകയും ചെയ്തു. ഭാര്യ നാലാമതും പെണ്‍കുഞ്ഞിന് ജന്മം നല്‍കിയതിനെ തുടര്‍ന്ന് ഇയാള്‍ കടുത്ത മനോവിഷമത്തിലായിരുന്നുവെന്ന് പോലീസ് പറയുന്നു. ഈ വിഷമത്തിലാണ് സോളങ്കി ക്രൂരകൃത്യം നടത്തിയത്. വീടിനടുത്തുള്ള കിണറ്റിലാണ് മൂന്ന് കുരുന്നുകളെയും എറിഞ്ഞത്.
പത്ത് ദിവസം മുമ്പ് ഭാര്യ നാലാമത്തെ പെണ്‍കുട്ടിയെ പ്രസവിച്ചതില്‍ സോളങ്കി അസ്വസ്ഥനായിരുന്നുവെന്ന് ബന്ധുക്കളും പറയുന്നു. സാമ്പത്തിക പ്രതിസന്ധിയും ഇയാള്‍ നേരിട്ടിരുന്നതായും അവര്‍ കൂട്ടിച്ചേര്‍ത്തു. സംഭവ ദിവസം തന്റെ ഓരോ കുഞ്ഞുങ്ങളെയായി കിണറ്റില്‍ എറിഞ്ഞ ശേഷം സോളങ്കി ആത്മഹത്യ ചെയ്യുകയായിരുന്നു. അന്നേദിവസം സോളങ്കിയുടെ ഭാര്യയും നവജാത ശിശുവും അവരുടെ അമ്മ വീട്ടിലായിരുന്നു. ആയതിനാല്‍ അവര്‍ മരണവക്കില്‍ നിന്ന് കരകയറുകയായിരുന്നു.
Discussion about this post