പൂണെ: രാജ്യത്തെ നിയമം കൂടുതൽ ഉപകാരപ്രദമാവുന്ന രീതിയിൽ മാറ്റങ്ങൾക്ക് വിധേയമാക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ഇന്ത്യൻ ശിക്ഷാ നിയമവും (ഐപിസി), ക്രിമിനൽ നടപടി ചട്ടവും (സിആർപിസി) ഭേദഗതി ചെയ്യണമെന്ന നിശ്ചയദാർഢ്യത്തിലാണ് എൻഡിഎ സർക്കാരെന്നും അദ്ദേഹം പറഞ്ഞു.
നീതി അതിവേഗം ലഭ്യമാക്കുന്നതിനു വേണ്ടിയും ആധുനിക ജനാധിപത്യത്തിന് ഉതകുന്ന രീതിയിലും പരിഷ്കാരം വേണമെന്നാണു കേന്ദ്രസർക്കാരിന്റെ നിലപാട്. അതിനായി സംസ്ഥാന സർക്കാരുകളോട് കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിർദേശങ്ങളും ചോദിച്ചിട്ടുണ്ട്. പൂണെയിൽ പോലീസ് ഡിജിപിമാരുടെയും ഐജിമാരുടെയും കോൺഫറൻസിലാണ് അമിത് ഷാ കേന്ദ്രസർക്കാരിന്റെ അഭിപ്രായം വ്യക്തമാക്കിയത്.
രാജ്യത്തു മികച്ച പ്രവർത്തനം കാഴ്ച വയ്ക്കുന്ന പോലീസ് സേനകളെ അമിത് ഷാ അഭിനന്ദിച്ചു. മൂന്ന് ദിവസമായി നടന്ന യോഗത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോഡി, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ, കേന്ദ്ര ഹോം സെക്രട്ടറി അജയ് കുമാർ ബല്ല തുടങ്ങിയവർ പങ്കെടുത്തു.
Discussion about this post