ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ വായു മലിനീകരണം അതിരൂക്ഷമായി തുടരുന്നു. ഡല്‍ഹിയില്‍ പലയിടത്തും വായു മലിനീകരണ തോത് 500 പോയിന്റിന് മുകളിലായി തുടരുകയാണ്. ജനങ്ങള്‍ ശ്വാസതടസ്സം ഉള്‍പ്പെടെയുള്ള ശാരീരിക അസ്വസ്ഥതകളും പ്രകടിപ്പിക്കുന്നുണ്ട്. നഗരത്തില്‍ പലയിടങ്ങളിലും ആരോഗ്യ വകുപ്പ് നല്കിയ ജാഗ്രതാ നിര്‍ദ്ദേശം അവഗണിക്കപ്പെടുകയാണ്. മുഖാവരണം പോലുമില്ലാതെയാണ് പല കരാര്‍ തൊഴിലാളികളടക്കം ജോലി ചെയ്യുന്നത്.
അതേസമയം, ഡല്‍ഹിയില്‍ ഇന്നലെ മുതല്‍ നടപ്പാക്കിയ വാഹന നിയന്ത്രണം തുടരുകയാണ്. ഒറ്റ ഇരട്ട നമ്പര്‍ വാഹന നിയന്ത്രണത്തിന്റെ ഭാഗമായി ഇന്ന് ഒറ്റ അക്ക നമ്പര്‍ വാഹനങ്ങള്‍ മാത്രമേ നിരത്തിലിറക്കാനാകൂ. നിയന്ത്രണം ലംഘിച്ച 223 വാഹനങ്ങള്‍ക്ക് ഇന്നലെ പിഴ ഈടാക്കി. 4000 രൂപയാണ് പിഴ.
ഡല്‍ഹിയിലെ വായു മലിനീകരണം തടയുന്നതില്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളെ അതിരൂക്ഷമായി സുപ്രീംകോടതി ഇന്നലെ വിമര്‍ശിച്ചിരുന്നു. മലിനവായു ശ്വസിച്ച് ജനങ്ങള്‍ മരിക്കുമ്പോള്‍ സര്‍ക്കാരുകള്‍ ഒരു നടപടിയും എടുക്കുന്നില്ലെന്ന് കോടതി പറഞ്ഞു. ഡല്‍ഹിയില്‍ മാലിന്യങ്ങള്‍ കത്തിച്ചാല്‍ 5000 രൂപയും കെട്ടിടനിര്‍മ്മാണം നടത്തുന്നവര്‍ക്കെതിരെ ഒരു ലക്ഷം രൂപയും പിഴ ചുമത്താനും കോടതി ഉത്തരവിട്ടു.
നാളെ പഞ്ചാബ്, ഹരിയാന, യുപി, ഡല്‍ഹി എന്നിവിടങ്ങളിലെ ചീഫ് സെക്രട്ടറിമാരോട് നേരിട്ട് ഹാജരാകാന്‍ കോടതി നിര്‍ദേശം നല്‍കിയിട്ടുണ്ട്. അതേ സമയം ഡല്‍ഹിയില്‍ നടപ്പാക്കിയ വാഹന നിയന്ത്രണ കാര്യക്ഷമല്ലെന്ന് കോടതി വിമര്‍ശിച്ചു.
Discussion about this post