യഥാര്‍ത്ഥ പ്രതികള്‍ തന്നെയാണോ അറസ്റ്റിലായതെന്ന് ഉറപ്പില്ല, യുപി സര്‍ക്കാരില്‍ വിശ്വാസമില്ല; കമലേഷ് തിവാരിയുടെ കൊലപാതകം എന്‍ഐഎ അന്വേഷിക്കണമെന്ന് കുടുംബം

രണ്ട് തോക്കുധാരികള്‍ ഉള്‍പ്പെടെയുള്ള സുരക്ഷ കമലേഷ് തിവാരിക്ക് അനുവദിച്ചിരുന്നുവെങ്കിലും ആക്രമണ സമയത്ത് ഇവര്‍ ആരും ഉണ്ടായിരുന്നില്ല

ലഖ്‌നൗ: കൊല്ലപ്പെട്ട മുന്‍ ഹിന്ദുമഹാസഭാ നേതാവും ഹിന്ദു സമാജ് പാര്‍ട്ടി നേതാവുമായ കമലേഷ് തിവാരിയുടെ കൊലപാതകത്തെക്കുറിച്ച് എന്‍ഐഎ അന്വേഷിക്കണമെന്ന് കുടുംബം. യുപി – ഗുജറാത്ത് പോലീസ് ഉദ്യോഗസ്ഥരുടെ സംഘം അഞ്ച് പേരുടെ അറസ്റ്റ് രേഖപ്പെടുത്തിയതിന് ശേഷം കേസ് പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറിയിരുന്നു.

എന്നാല്‍ ഉത്തര്‍ പ്രദേശ് സര്‍ക്കാരില്‍ വിശ്വാസമില്ലെന്ന് ചൂണ്ടിക്കാട്ടിയ കുടുംബം കേസ് എന്‍ഐഎ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടു. യഥാര്‍ത്ഥ പ്രതികള്‍ തന്നെയാണോ അറസ്റ്റിലായതെന്ന് ഉറപ്പില്ലെന്നും കൂടുതല്‍ ആളുകള്‍ സംഭവത്തില്‍ ഉള്‍പ്പെട്ടതായി സംശയമുണ്ടെന്നും കുടുംബം പറയുന്നു. ബിജെപി നേതാവ് ശിവകുമാര്‍ ഗുപ്തയെ സംശയമുണ്ടെന്ന് കമലേഷ് തിവാരിയുടെ മാതാവ് കുസുമം തിവാരി പോലീസിനോട് പറഞ്ഞു.

രണ്ട് തോക്കുധാരികള്‍ ഉള്‍പ്പെടെയുള്ള സുരക്ഷ കമലേഷ് തിവാരിക്ക് അനുവദിച്ചിരുന്നുവെങ്കിലും ആക്രമണ സമയത്ത് ഇവര്‍ ആരും ഉണ്ടായിരുന്നില്ല. കഴുത്തറുത്തും ശരീരം ഒന്നടങ്കം വെട്ടിനുറുക്കിയുമാണ് കമലേഷ് തിവാരിയെ കൊലപ്പെടുത്തിയത്. ലഖ്‌നൗ ഖുര്‍ഷിദ് ബാഗിലെ ഓഫീസില്‍ വച്ചാണ് കമലേഷ് തിവാരി കൊല്ലപ്പെട്ടത്. കേസില്‍ 5 പേരെയാണ് ഇതുവരെ പിടികൂടിയത്.

Exit mobile version