അഹമ്മദാബാദ്: കാശ്മീർ അതിർത്തിയിൽ രാജ്യത്തിനു വേണ്ടി ജീവൻ അർപ്പിച്ച സൈനികരോടുള്ള ആദര സൂചകമായാണ് കേന്ദ്രസർക്കാർ ജമ്മുകാശ്മീരിന് പ്രത്യേക പദവി നൽകുന്ന ആർട്ടിക്കിൾ 370 റദ്ദാക്കിയതെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ. അഹമ്മദാബാദിൽ ദ്രുതകർമ്മ സേന സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
”ആർട്ടിക്കിൾ 370 റദ്ദാക്കി രാജ്യത്തെ സംരക്ഷിക്കുന്നതിനിടെ ജീവൻ ബലി നൽകിയ മുഴുവൻ ജവാൻമാർക്കും ഏറ്റവും അനുയോജ്യമായ ആദരവ് നൽകുകയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ചെയ്തത്. ഇനിയൊരു സൈനികന്റേയും ജീവൻ ഈ മണ്ണിൽ പൊലിയാതിരിക്കാൻ വേണ്ടിയാണ് ഈ കൃത്യത്തിന് മുതിർന്നത്.” അമിത് ഷാ പറഞ്ഞു.
രണ്ടാം തവണയും വലിയ ജനവിധി തങ്ങൾക്ക് നൽകിയപ്പോൾ, ആർട്ടിക്കിൾ 370 റദ്ദാക്കുകയാവും ആദ്യം ചെയ്യുകയെന്ന് ജനങ്ങൾക്ക് ഉറപ്പു നൽകിയിരുന്നു. രാജ്യത്തിന് വേണ്ടി തങ്ങൾ അത് ചെയ്തു. ഇതോടെ കശ്മീർ വികസനത്തിന്റെ പാതയിലേക്ക് നീങ്ങുകയാണ്. കാശ്മീരിൽ ആരെങ്കിലും എന്തെങ്കിലും കുഴപ്പങ്ങൾ ഉണ്ടാക്കാൻ ശ്രമിച്ചാൽ, സൈനികർ അവിടെ കാവലുണ്ടെന്ന് ഓർക്കണമെന്നും അദ്ദേഹം പറഞ്ഞു. കാശ്മീർ പ്രശ്നം യുഎന്നിൽ എത്തിച്ചത് നെഹ്റു ചെയ്ത ഹിമാലയൻ മണ്ടത്തരമായിരുന്നെന്ന് അമിത് ഷാ കഴിഞ്ഞ ദിവസം കുറ്റപ്പെടുത്തിയിരുന്നു.
Discussion about this post