സുല്‍ത്താന്‍പൂര്‍: ഹരിയാനയില്‍ ഉറങ്ങിക്കിടന്ന മകന്റെ തലയിണയില്‍ മൂര്‍ഖന്‍ പാമ്പിനെ കണ്ട് അമ്മ ഞെട്ടി.
തലയിണയില്‍ നിന്നും അസാധാരണമായ തണുപ്പ് അനുഭവപ്പെട്ടപ്പോഴാണ് യുവതി നോക്കിയത്. അപ്പോഴാണ് ആറടിയോളം നീളമുള്ള മൂര്‍ഖന്‍ പാമ്പിനെ കിടക്കയില്‍ കണ്ടത്.
ഹരിയാനയിലെ ഗുരുഗ്രാമില്‍ നിന്ന് പതിനഞ്ച് കിലോമീറ്റര്‍ അകലെയുള്ള സുല്‍ത്താന്‍പൂരിലാണ് സംഭവം.
മൂന്നുവയസുകാരനായ മകന്റെ തലയിണയിലാണ് മൂര്‍ഖന്‍ പാമ്പിനെ കണ്ടത്. യുവതി ആദ്യം ഭയന്നെങ്കിലും പിന്നീട് ബഹളം ഒന്നും ഉണ്ടാക്കാതെ ടാക്സി ഡ്രൈവറായ ഭര്‍ത്താവിനെ വിളിച്ച് വീട്ടിലേക്ക് വരാന്‍ പറഞ്ഞു. വീട്ടില്‍ പാമ്പിനെ കണ്ട വിവരവും യുവതി ഭര്‍ത്താവിനെ അറിയിച്ചു. അതിനിടെ അയല്‍വാസിയെ ഫോണില്‍ വിളിക്കാന്‍ ശ്രമിച്ചങ്കിലും കിട്ടിയില്ല.
ശേഷം മകനെ കിടക്കയില്‍ നിന്നും എടുത്ത് രണ്ട് കുട്ടികളോടൊപ്പം അമ്മ മുറിയില്‍ തന്നെ നിന്നു.
അപ്പോഴേക്കും യുവതിയുടെ ഭര്‍ത്താവ് വീട്ടില്‍ എത്തി. ഒപ്പം കുറച്ച് ആളുകളും ഉണ്ടായിരുന്നു. പിന്നെ പാമ്പുള്ള കിടക്ക വിരി തന്ത്രപരമായി മടക്കിയെടുത്ത വീട്ടുകാര്‍ മൂര്‍ഖനെ കിടക്കവിരിയില്‍ കുടുക്കുകയായിരുന്നു. വനംവകുപ്പ് ഉദ്യോഗസ്ഥരെ വിവരം അറിയിച്ചതോടെ അവര്‍ സ്ഥലത്തെത്തി പാമ്പിനെ കൊണ്ടുപോയി.
Discussion about this post