ഭാവിയിൽ ഇറക്കുമതിയെ മാത്രം ആശ്രയിക്കേണ്ടിവരും; പാലിന്റെ സുരക്ഷയും അപകടത്തിലാവും; കേന്ദ്രത്തിന്റെ നീക്കത്തിനെതിരെ അമുൽ

പാൽ ഉത്പന്നങ്ങൾ ഇറക്കുമതി ചെയ്യുന്നതിന്റെ മുന്നോടിയായി നടത്താനിരിക്കുന്ന ചർച്ചകൾ അവസാനിപ്പിക്കണമെന്നും അമുൽ വ്യക്തമാക്കുന്നു.

ന്യൂഡൽഹി: പാലും പാലുത്പന്നങ്ങളും വിദേശരാജ്യങ്ങളിൽ നിന്നും ഇറക്കുമതി ചെയ്യാനുള്ള കേന്ദ്രസർക്കാർ നീക്കത്തിനെതിരെ കത്തയച്ച് അമുൽ കമ്പനി. സമഗ്ര പ്രാദേശിക സാമ്പത്തിക സഹകരണ (ആർസിഇപി) കരാറിലുൾപ്പെടുത്തിയാണ് കേന്ദ്രസർക്കാർ പാലും പാൽ ഉത്പന്നങ്ങളും ഇറക്കുമതി ചെയ്യാൻ തയ്യാറെടുക്കുന്നത്. ന്യൂസിലാൻഡ് ഓസ്‌ട്രേലിയ എന്നിവിടങ്ങളിൽ നിന്ന് പാൽ ഉത്പന്നങ്ങൾ ഇറക്കുമതി ചെയ്യുന്നതിന്റെ മുന്നോടിയായി നടത്താനിരിക്കുന്ന ചർച്ചകൾ അവസാനിപ്പിക്കണമെന്നും അമുൽ വ്യക്തമാക്കുന്നു.

ഇന്ത്യയിലെ പ്രമുഖ പാൽ ഉത്പാദന സ്ഥാപനമാണ് അമുൽ. സഹകരണ മേഖലയിൽ പ്രവർത്തിക്കുന്ന അമുലിന്റെ ചരിത്രം രാജ്യത്തിന്റെ പ്രാദേശിക വികസനവുമായി ബന്ധപ്പെട്ടതുകൂടിയാണ്. ഇതോടൊപ്പം ഇറക്കുമതി വർധിപ്പിക്കാനായി നികുതി നിരക്ക് കുറയ്ക്കാനുളള തീരുമാനം വിലകുറഞ്ഞ പാൽ ഉത്പന്നങ്ങളുടെ ഇറക്കുമതി വർധിപ്പിക്കുമെന്നും ഇത് രാജ്യത്തെ ക്ഷീര കർഷകരുടെ ജീവിതം വഴിമുട്ടിക്കുമെന്നും വ്യക്തമാക്കി അമുൽ ചെയർമാൻ ദിലീപ് രഥ് കേന്ദ്ര വാണിജ്യ സെക്രട്ടറി അനൂപ് വാധ്വാനും മൃഗക്ഷേമ സെക്രട്ടറി അതുൽ ചതുർവേദിക്കും കത്ത് എഴുതി.

ആസിയാൻ രാജ്യങ്ങൾ, ചൈന, ജപ്പാൻ, ദക്ഷിണ കൊറിയ, ഓസ്‌ട്രേലിയ, ന്യൂസിലാൻഡ്, ഇന്ത്യ എന്നീ രാജ്യങ്ങൾക്കിടയിൽ സ്വതന്ത്ര വ്യാപാരം സാധ്യമാക്കുന്ന കരാറാണ് സമഗ്ര പ്രാദേശിക സാമ്പത്തിക സഹകരണം (ആർസിഇപി).

രാജ്യം പാൽ ഉത്പന്നങ്ങളുടെ കാര്യത്തിൽ ഇറക്കുമതി ആശ്രയത്വത്തിലേക്ക് വഴുതി വീഴുമെന്നും പോഷക സുരക്ഷയെ ഈ നടപടി അപകടത്തിലാക്കുമെന്നും കത്തിൽ ദിലീപ് രഥ് ആശങ്കപ്പെടുന്നു.

Exit mobile version