ന്യൂഡല്‍ഹി: റാഫേല്‍ യുദ്ധവിമാന കരാറുമായി ബന്ധപ്പെട്ടുളള വിലവിവരങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ സുപ്രീം കോടതിയില്‍ നല്കി. സീല്‍ വച്ച കവറിലാണ് കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ വിവരങ്ങള്‍ നല്‍കിയിരിക്കുന്നത്. കോടതി നിര്‍ദേശപ്രകാരം ഹര്‍ജിക്കാര്‍ക്ക് വിലവിവരം നല്‍കിയിട്ടുണ്ട്.
ഒക്ടോബര്‍ 31-നാണ് റാഫേല്‍ യുദ്ധവിമാനങ്ങളുടെ വിലയും ഇടപാടില്‍ റിലയന്‍സിന്റെ പങ്കും സംബന്ധിച്ച വിവരങ്ങള്‍ മുദ്രവച്ച കവറില്‍ നല്കാന് കേന്ദ്രസര്‍ക്കാരിനോട് നിര്‍ദ്ദേശിച്ചിരുന്നത്. ഡിഫന്‍സ് അക്വസിഷന്‍ കൗണ്‍സിലിന്റെ അനുമതിയും ഇതിനുണ്ടായിരുന്നുവെന്നും സര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചു.
10 ദിവസത്തിനകം മുദ്രവച്ച കവറില്‍ വിവരങ്ങള്‍ ലഭ്യമാക്കണമെന്നും കോടതി പറഞ്ഞിരുന്നു. ഇതു സംബന്ധിച്ച് ഹര്‍ജികള്‍ 14-ാം തീയ്യതിയാണ് കോടതി പരിഗണിക്കുക. വിമാനങ്ങളുടെ വില, സാങ്കേതിക വിദ്യ, ഇന്ത്യന്‍ പങ്കാളി തുടങ്ങിയ വിശദാംശങ്ങളെല്ലാം അറിയിക്കാനാണ് കോടതി നിര്‍ദേശിച്ചിരുന്നത്.
പ്രതിരോധ സാമഗ്രികള്‍ വാങ്ങിക്കാനുള്ള എല്ലാ നയങ്ങളും പാലിച്ചാണ് ഇടപാടുകള്‍ നടന്നിട്ടുള്ളതെന്ന് കേന്ദ്രം കോടതിയില്‍ വ്യക്തമാക്കി. അതേസമയം 36 റാഫേല്‍ പോര്‍വിമാനങ്ങളുടെ വിലയോ ചെലവോ സുപ്രീംകോടതിക്ക് നല്കാന് കേന്ദ്ര സര്‍ക്കാര്‍ മുമ്പ് വിസമ്മതിച്ചിരുന്നു.
Discussion about this post