നെല്ല് കര്‍ഷകര്‍ക്ക് വന്‍ തിരിച്ചടി; സിവില്‍ സപ്ലൈസ് അധികൃതര്‍ നെല്ല് സംഭരണം നിര്‍ത്തി വെച്ചു

പ്രളയാനന്തര സാഹചര്യത്തെത്തുടര്‍ന്ന് നെല്ല് സംഭരിക്കാനുള്ള തീയതി നീട്ടുന്നതുമായി ബന്ധപ്പെട്ട് തങ്ങള്‍ക്ക് നിര്‍ദേശം ലഭിച്ചിട്ടില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി

വയനാട്: നെല്ല് കര്‍ഷകര്‍ക്ക് തിരിച്ചടിയുമായി സിവില്‍ സപ്ലൈസ് അധികൃതര്‍ നെല്ല് സംഭരണം നിര്‍ത്തി. അതേസമയം പ്രളയാനന്തര സാഹചര്യം കണക്കിലെടുത്ത് വൈകി വിളവെടുത്ത കര്‍ഷകരുടെ നെല്ലും സര്‍ക്കാര്‍ സംഭരിക്കണമെന്നാണ് കര്‍ഷകരുടെ ആവശ്യം.

എന്നാല്‍ ജൂണ്‍ 30ന് ശേഷം നെല്ല് സംഭരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ അനുമതിയില്ലെന്നാണ് അധികൃതരുടെ വിശദീകരണം. ഇത്തവണ സര്‍ക്കാര്‍ നെല്ല് സംഭരിച്ചത് ക്വിന്റലിന് 2530 രൂപയ്ക്കാണ്. സ്വകാര്യ കമ്പനികള്‍ക്ക് നെല്ല് നല്‍കിയാല്‍ 1500 രൂപയിലധികം പോലും ലഭിക്കില്ലെന്നാണ് കര്‍ഷകര്‍ പറയുന്നത്. മൂപ്പെത്താന്‍ 120 മുതല്‍ 180 ദിവസംവരെ കാത്തുനിന്ന് ഇപ്പോള്‍ കൊയ്‌തെടുക്കുന്ന നെല്ലെല്ലാം ഇനിയെന്തുചെയ്യുമെന്നാണ് കര്‍ഷകരുടെ ചോദ്യം.

എല്ലാവര്‍ഷവും ജൂണ്‍ 30 വരെ യാണ് കേന്ദ്രസര്‍ക്കാറിന്റെ നിര്‍ദേശ പ്രകാരം നെല്ല് സംഭരിക്കാന്‍ അനുമതിയുള്ളു എന്ന് സിവില്‍ സപ്ലൈസ് അധികൃതര്‍ വ്യക്തമാക്കി. പ്രളയാനന്തര സാഹചര്യത്തെത്തുടര്‍ന്ന് നെല്ല് സംഭരിക്കാനുള്ള തീയതി നീട്ടുന്നതുമായി ബന്ധപ്പെട്ട് തങ്ങള്‍ക്ക് നിര്‍ദേശം ലഭിച്ചിട്ടില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി.

Exit mobile version