അമ്പലപ്പുഴ: ഡോക്ടർമാരുടെ ഗുരുതരമായ ചികിത്സാ പിഴവ് മൂലം യുവാവ് വേദന തിന്ന് കഴിഞ്ഞത് 5 മാസത്തോളം. കാലിൽ തറഞ്ഞുകയറിയ ചില്ല് നീക്കം ചെയ്യാതെ ഡോക്ടർമാർ മുറിവ് തുന്നിക്കെട്ടുകയായിരുന്നു.
ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ വച്ചാണ് ശസ്ത്രക്രിയ നടന്നത്. പുന്നപ്ര തെക്ക് പഞ്ചായത്ത് 19-ാം വാർഡ് കൊച്ചുപറമ്പ് വീട്ടിൽ അനന്തു (27) ആണ് മാസങ്ങളോളം കാലിലെ ചില്ലുമായി കഠിനവേദന അനുഭവിച്ചത്.
കഴിഞ്ഞ ജൂലൈ 17ന് രാത്രി വളഞ്ഞവഴിയിൽ വെച്ചുണ്ടായ അപകടത്തിലാണ് അനന്തുവിന് പരിക്കേറ്റത്.മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച അനന്തുവിന്റെ കാലിലെ മുറിവുകൾ പരിശോധനയ്ക്ക് ശേഷം തുന്നിക്കെട്ടി പ്ലാസ്റ്ററിട്ടിരുന്നു.
രണ്ടു ദിവസത്തിന് ശേഷം വീട്ടിലേക്ക് വിട്ടയച്ചു. ജൂലൈ 28ന് തുന്നൽ എടുത്തെങ്കിലും പിന്നീട് നടക്കാനോ ജോലിക്ക് പോകാനോ കഴിയാത്ത വിധം വേദന അനുഭവപ്പെട്ടു.
തുന്നിക്കെട്ടിയ ഭാഗത്ത് മുഴ രൂപപ്പെടുകയും ചെയ്തു. മുഴ പൊട്ടി പഴുപ്പ് ഒലിച്ചതിനെത്തുടർന്ന് ഈ മാസം 22-ന് വീണ്ടും മെഡിക്കൽ കോളജിൽ ചികിത്സ തേടി. എന്നാൽ, മുറിവ് പഴുക്കാൻ കാരണം പ്രമേഹമാണെന്ന് പറഞ്ഞ് കൈമലർത്തുകയാണ് ഓർത്തോ വിഭാഗം ചെയ്തത്.
തുടർന്ന് മെഡിസിൻ വിഭാഗത്തിൽ പ്രവേശിപ്പിച്ചെങ്കിലും ഐസിയു കിടക്കയുടെ കുറവ് പറഞ്ഞ് മറ്റൊരു ആശുപത്രിയിലേക്ക് മാറാൻ ഡോക്ടർമാർ നിര്‍ദേശിക്കുകയായിരുന്നു.
ഒടുവിൽ പുന്നപ്രയിലെ സഹകരണ ആശുപത്രിയിൽ നടത്തിയ ശസ്ത്രക്രിയയിലൂടെയാണ് ഒന്നരയിഞ്ച് നീളമുള്ള ഫൈബർ ചില്ല് പുറത്തെടുത്തത്.
















Discussion about this post