തൃശൂര്‍:തൃശൂർ ജില്ലയിലെ കൊരട്ടി ചിറങ്ങരയില്‍ പുലി ഇറങ്ങിയതായി സൂചന. പണ്ടാരത്തില്‍ ധനേഷിന്റെ വീട്ടുമുറ്റത്ത് കഴിഞ്ഞ ദിവസം രാത്രിയിൽ പുലിയെ കണ്ടതായി നാട്ടുകാര്‍ പറയുന്നു.
പുലിയിറങ്ങിയെന്ന വാർത്ത പരന്നതോടെ പരിഭ്രാന്തിയിലായിരിക്കുകയാണ് ജനം. സമീപ പ്രദേശത്ത് പുലി ഉണ്ടെന്ന ഭയം കൊണ്ട് പലരും വീടുകളില്‍ നിന്ന് പുറത്തിറങ്ങുന്നില്ല.
ഇന്നലെ രാത്രി ഒന്‍പതു മണിയോടെയാണു പുലിയെ കണ്ടതെന്ന് നാട്ടുകാർ പറയുന്നു. തൊട്ടടുത്ത കാടുപിടിച്ചു കിടക്കുന്ന പറമ്പിലേയ്ക്ക് പുലി ഓടി മറഞ്ഞെന്നാണ് സംശയം.
നിർത്താതെയുള്ള വളര്‍ത്തുനായയുടെ ശബ്ദം കേട്ട് എത്തിയ വീട്ടുകാര്‍ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കുകയായിരുന്നു. അപ്പോഴാണ് പുലിയുടെ ദൃശ്യം കണ്ടത്.
എന്നാല്‍ വളര്‍ത്തു നായയെ പിന്നീട് കണ്ടിട്ടില്ലെന്നും പുലി കൊണ്ടു പോയതാകാമെന്ന സംശയവും നാട്ടുകാര്‍ പറഞ്ഞു.സംഭവത്തിന് പിന്നാലെ ഇന്‍സ്‌പെക്ടര്‍ അമൃത രംഗന്റെ നേതൃത്വത്തില്‍ പൊലീസ് എത്തി പരിശോധന നടത്തി. വനം വകുപ്പ് ഉദ്യോഗസ്ഥര്‍ പരിശോധന നടത്താതെ ഇക്കാര്യത്തില്‍ സ്ഥിരീകരണം ലഭിക്കില്ല.
Discussion about this post