കണ്ണൂർ: ഡോക്ടർമാർ മരിച്ചെന്ന് വിധിയെഴുതി ശരീരം
മോർച്ചറിയിലേക്ക് മാറ്റുന്നതിനിടെ ജീവന്റെ തുടിപ്പ് കണ്ടെത്തിയ പവിത്രൻ മരിച്ചു. ശ്വാസകോശ രോഗത്തിന് ചികിത്സയിൽ കഴിയവേയാണ് അന്ത്യം.
അറുപത്തിയേഴ് വയസ്സായിരുന്നു. കണ്ണൂർ കൂത്തുപറമ്പ് സ്വദേശിയാണ് പവിത്രൻ.കൂത്തുപറമ്പിലെ വീട്ടിൽ വച്ചായിരുന്നു അന്ത്യം. ജനുവരി 13ന് കണ്ണൂരിലെ ആശുപത്രിയിൽ മോർച്ചറിയിലേക്ക് മാറ്റുന്നതിനിടെ ആശുപത്രി ജീവനക്കാർ ജീവനുണ്ടെന്ന് തിരിച്ചറിയുകയായിരുന്നു.
ശ്വാസകോശരോഗത്തെ തുടർന്ന് മംഗളൂരു ഹെഗ്ഡെ ആശുപത്രിയിൽ വെന്‍റിലേറ്ററിൽ ചികിത്സയിലായിരുന്ന പവിത്രൻ മരിച്ചെന്ന് ഡോക്ടർമാർ സ്ഥിരീകരിക്കുകയായിരുന്നു. ബന്ധുക്കൾ പവിത്രനുമായി നാട്ടിലെത്തി സംസ്കാര ചടങ്ങുകൾക്കുള്ള ഏർപ്പാടുകൾ നടത്തി.
എന്നാൽ പ്രാദേശിക ജനപ്രതിനിധിയുടെ കത്ത് പ്രകാരം പിറ്റേന്ന് സംസ്കാരം നടത്തുന്നതിനായി മോർച്ചറിയിലേക്ക് മാറ്റുകയായിരുന്നു. ഇവിടെ വച്ചാണ് ആശുപത്രി ജീവനക്കാർ പവിത്രനിൽ ജീവന്റെ തുടിപ്പുണ്ടെന്ന് തിരിച്ചറിഞ്ഞത്.
ഉടൻ തന്നെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റുകയായിരുന്നു. പിന്നീട് 11 ദിവസത്തെ ചികിത്സക്ക് ശേഷം ആരോഗ്യം ഭേദമായി ആശുപത്രി വിട്ടിരുന്നു. അതിനിടയിലാണ് കഴിഞ്ഞ ദിവസം മരണം സംഭവിച്ചത്.
Discussion about this post