മലപ്പുറം: നവവരൻ ഭാര്യയുടെ വീടും വാഹനങ്ങളും കത്തിച്ചെന്ന് പരാതി. മലപ്പുറത്ത് ആണ് സംഭവം.
വധഭീഷണിയെ കുറിച്ച് യുവതി പൊലീസില്‍ പരാതി നല്‍കിയതിന്റെ വൈരാഗ്യത്തിലാണ് യുവാവ് വീടിനും വാഹനങ്ങൾക്കും തീയിട്ടത്.
പാറപ്പുറം മാങ്ങാട്ടൂരിൽ ഹരിതയുടെ വീടിനാണ് ഭർത്താവ് വിനീഷ് തീയിട്ടത്. ഇന്നലെ പുലര്‍ച്ചെ ഒരു മണിയോടെയാണ് സംഭവം. വീട് ഭാഗീകമായും മുന്നിൽ നിർത്തിയിട്ടിരുന്ന മൂന്നു ബൈക്കുകളും കത്തി നശിച്ചു.
ഒമ്പത് മാസങ്ങൾക്ക് മുമ്പായിരുന്നു ഇരുവരുടെയും വിവാഹം. കഴിഞ്ഞ കുറച്ച് കാലങ്ങളായി അഭിപ്രായ വ്യത്യാസങ്ങളെ തുടര്‍ന്ന് ഇരുവരും അകന്നാണ് കഴിയുന്നത്.
വിനീഷിനെതിരെ ഹരിത ഗാഹിക പീഡനപരാതിയും നൽകിയിരുന്നു. ഇതിന് പിന്നാലെ വടിവാളുമായി എത്തി പുറത്തേക്ക് ഇറങ്ങി ചെന്നില്ലെങ്കിൽ അമ്മാവനെ അടക്കം വെട്ടിക്കൊല്ലുമെന്ന് വിനീഷ് ഭീഷണിപ്പെടുത്തിയിരുന്നു.
തുടർന്നാണ് ഹരിത വധഭീഷണിയുണ്ടെന്ന് പോലീസിൽ പരാതി നൽകിയത്.വിനീഷിനോട് പൊന്നാനി സ്റ്റേഷനില്‍ ഹാജരാവാൻ പോലീസ് ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് യുവാവ് വീണ്ടുമെത്തി വീടും വാഹനങ്ങളും കത്തിച്ചത്. പരാതിയില്‍ പൊന്നാനി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.