മുംബൈ: സമൂഹ മാധ്യമങ്ങളിലൂടെ നിരന്തരം അഭിപ്രായ പ്രകടനം നടത്തുന്ന നടിയാണ് കങ്കണ റണൗത്ത്. അതിരു കടന്ന പ്രതികരണങ്ങള്‍ പലപ്പോഴും നടിയെ വിവാദത്തിലുമാക്കാറുണ്ട്. രാഷ്ട്രീയ വിഷയങ്ങളിലുള്‍പ്പെടെ തുറന്നടിക്കുന്ന കങ്കണ പക്ഷെ തന്റെ വ്യക്തി ജീവിതത്തെക്കുറിച്ച് സംസാരിക്കുന്നത് കുറവാണ്.
പ്രണയം, വിവാഹം തുടങ്ങിയവയെക്കുറിച്ചൊന്നും നടി അധികം സംസാരിക്കാറില്ല. എന്നാല്‍ ഇപ്പോള്‍ തന്റെ വിവാഹം നീണ്ടു പോവുകയാണെന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് നടി. താന്‍ ആണുങ്ങളെ തല്ലുന്നവളാണെന്ന് പരക്കെ ഗോസിപ്പുകള്‍ പ്രചരിക്കുന്നുണ്ടെന്നും അതിനാല്‍ വിവാഹം കഴിക്കാന്‍ അനുയോജ്യനായ ആളെ കിട്ടുന്നില്ലെന്നും നടി പറഞ്ഞു. പുതിയ ചിത്രം ധക്കഡിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് നല്കിയ അഭിമുഖത്തിലാണ് കങ്കണ തമാശ രൂപേണ ഇക്കാര്യം പറഞ്ഞത്.
അടുത്തിടെ നല്കിയ മറ്റൊരു അഭിമുഖത്തില്‍ താന്‍ വിവാഹം കഴിച്ച് കുടുംബമായി ജീവിക്കാന്‍ ആഗ്രഹിക്കുന്നെന്ന് കങ്കണ പറഞ്ഞിരുന്നു. അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ താന്‍ ഭാര്യയും അമ്മയുമാവാനാഗ്രഹിക്കുന്നെന്നായിരുന്നു നടി പറഞ്ഞത്. താനൊരാളുമായി പ്രണയത്തിലാണെന്നും ഉടന്‍ തന്നെ കൂടുതല്‍ വിവരങ്ങള്‍ പുറത്തു വിടുമെന്നും നടി പറഞ്ഞു. ടൈംസ് നൗവിന് നല്കിയ അഭിമുഖത്തിലാണ് നടിയുടെ പ്രതികരണം. അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ ജീവിതത്തില്‍ എവിടെ എത്തുമെന്ന് കരുതുന്നെന്ന ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു നടി.
‘തീര്‍ച്ചയായും എനിക്ക് വിവാഹം കഴിക്കണമെന്നും കുഞ്ഞുങ്ങളുണ്ടാവണമെന്നുമുണ്ട്. അഞ്ച് വര്‍ഷത്തിനപ്പുറം ഞാന്‍ എന്നെ ഒരു അമ്മയായും ഭാര്യയായും കാണുന്നു. ഒപ്പം പുതിയ ഇന്ത്യയെന്ന വിഷനു വേണ്ടി സജീവമായി പ്രവര്‍ത്തിക്കുന്ന ഒരാളായും,’ കങ്കണ പറഞ്ഞു. തനിക്ക് പ്രണയമുണ്ടെന്നും കൂടുതല്‍ വിവരങ്ങള്‍ ഉടനെ പുറത്തു വിടുമെന്നും നടി പറഞ്ഞിരുന്നു.
Discussion about this post