നാമക്കല്‍: മകന് കേന്ദ്ര മന്ത്രിയാണെങ്കിലും കര്‍ഷകരായ ഈ അച്ഛനും അമ്മയ്ക്കും അതിന്റെ അഹങ്കാരമൊന്നുമില്ല. മകന്റെ നേട്ടത്തില്‍ ഏറെ അഭിമാനം ഉണ്ടെങ്കിലും അതിന്റെ പങ്കുപറ്റാന്‍ തയാറല്ലെന്ന് ലോകനാഥനും ഭാര്യ വരുദമ്മാളും പറയും. ഈ മാസം 7നു നടന്ന കേന്ദ്ര മന്ത്രിസഭാ പുനഃസംഘടനയില്‍ തമിഴ്നാട്ടില്‍നിന്നുള്ള പ്രതിനിധിയായി സ്ഥാനമേറ്റ ബിജെപി നേതാവ് എല്‍. മുരുകന്റെ മാതാപിതാക്കളാണ് ഇരുവരും.
തമിഴ്നാട് ബിജെപി സംസ്ഥാനഅധ്യക്ഷനായിരിക്കെയാണു പ്രധാനമന്ത്രി, മുരുകനെ പുതിയ ഉത്തരവാദിത്തം ഏല്‍പ്പിക്കുന്നത്. ബന്ധുക്കളില്‍നിന്നും സുഹൃത്തുക്കളില്‍നിന്നും മറ്റും മകനെക്കുറിച്ചുള്ള സന്തോഷ വാര്‍ത്തകള്‍ അറിഞ്ഞപ്പോഴൊക്കെ പാടത്തു പണിയിലായിരുന്നു ഇരുവരും.
മകന് കേന്ദ്ര മന്ത്രിയാണെങ്കിലും കൃഷിയും കൂലിവേലയുമാണു തങ്ങളുടെ ‘ഉത്തരവാദിത്ത’മെന്നും ഇതേ ജോലിതന്നെ ചെയ്തു ഇനിയും ജീവിക്കുമെന്നുമാണു മുരുകന്റെ മാതാപിതാക്കള്‍ ഇപ്പോഴും പറയുന്നത്. നാമക്കല്ലിലെ ആസ്ബെറ്റോസ് ഷീറ്റിട്ട കൊച്ചുവീട്ടിലാണ് ഇവരുടെ താമസം. കൂലിവേല ചെയ്താണു കാലങ്ങളായുള്ള ഉപജീവനം. ചിലപ്പോഴാകട്ടെ ജോലി കിട്ടാറുമില്ല.
ബന്ധുക്കളില്‍നിന്നും സുഹൃത്തുക്കളില്‍നിന്നും പണം കടം വാങ്ങിയാണു ഇരുവരും മുരുകനെ പഠിപ്പിച്ചത്. മകന് വലിയ നിലയിലെത്തിയെങ്കിലും അവന് ഈ സ്ഥാനത്ത് എത്താനായി തങ്ങള്‍ ഒന്നുംതന്നെ ചെയ്തിട്ടില്ലെന്നാണ് ഈ മാതാപിതാക്കള്‍ പറയുന്നത്.
‘മകന് നല്ല നിലയില്‍ എത്തിയല്ലോ, മാതാപിതാക്കള്‍ എന്ന നിലയില്‍ ഇതിനും അപ്പുറം എന്താണു ഞങ്ങള്‍ക്കു വേണ്ടത്,’ ചെറുപുഞ്ചിരിയോടെ ഇരുവരും ചോദിക്കുന്നു. ചെന്നൈയിലേക്കു വന്നു തനിക്കൊപ്പം നില്ക്കാന് പലപ്പൊഴും മുരുകന് നിര്‍ബന്ധിക്കാറുണ്ടെങ്കിലും അപൂര്‍വം അവസരങ്ങളില്‍ മാത്രമാണു ക്ഷണം സ്വീകരിച്ചിട്ടുള്ളതെന്നും ദമ്പതികള്‍ പറയുന്നു. മകന്റെ തിരക്കിട്ട ജീവിതവുമായി യോജിച്ചു പോകാനാകില്ലെന്നും ഗ്രാമം തന്നെയാണു പ്രിയമെന്നും വരുദമ്മാള്‍ പറഞ്ഞു.
Discussion about this post