ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് ബാധിച്ച് ലക്ഷ കണക്കിന് ജനങ്ങള്‍ മരിക്കുന്നതിനിടയില്‍ പ്രധാനമന്ത്രിയുടെ പുതിയ വസതിയുടെ പണി വേഗത്തില്‍ പൂര്‍ത്തിയാക്കാനുള്ള നടപടികളുമായി കേന്ദ്ര സര്‍ക്കാര്‍.
പ്രധാന മന്ത്രിയുടെ പുതിയ വസതിയുടെ നിര്‍മ്മാണം 2022 ഡിസംബറില്‍ പൂര്‍ത്തിയാക്കണമെന്നാണ് നിര്‍ദേശം. പുതിയ പാര്‍ലമെന്റ് മന്ദിരമടക്കമുള്ള സെന്‍ട്രല്‍ വിസ്ത പദ്ധതിയുടെ ഭാഗമായാണ് പ്രധാനമന്ത്രിയ്ക്കായി പുതിയ വസതി നിര്‍മ്മിക്കുന്നത്.
പ്രധാനമന്ത്രിയുടെ സുരക്ഷാ ജീവനക്കാര്‍ക്കായുള്ള കെട്ടിടത്തിന്റെ നിര്‍മ്മാണവും ഇതിനൊപ്പം പൂര്‍ത്തിയാക്കും. 13450 കോടി രൂപയുടെ പദ്ധതിയാണ് സെന്‍ട്രല്‍ വിസ്ത. ശകതമായ എതിര്‍സ്വരവും വിമര്‍ശനവും ഉയര്‍ന്നിട്ടും കൊവിഡ് കാലത്തും പുതിയ പാര്‍ലമെന്റ് മന്ദിരമടക്കമുള്ള നിര്‍മ്മാണത്തിനായുള്ള സെന്‍ട്രല്‍ വിസ്ത പദ്ധതി തുടരാന്‍ സര്‍ക്കാര്‍ തീരുമാനിക്കുകയായിരുന്നു.
ഓക്സിജന്‍ കിട്ടാതെയും ചികിത്സ കിട്ടാതെയും അനേകം പേരാണ് ദിനം പ്രതി രാജ്യത്ത് മരിച്ച് വീഴുന്നത്. രാജ്യത്ത് വാക്സിനും ക്ഷാമം നിലനില്‍ക്കുന്നുണ്ട്. ഇതിനിടയിലാണ് 13450 കോടി രൂപയുടെ സെന്‍ട്രല്‍ വിസ്ത പദ്ധതിയുമായി കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ട് പോകുന്നത്.
Discussion about this post