ചെന്നൈ: കന്നിചിത്രം തന്നെ സൂപ്പര്‍ഹിറ്റാക്കി പ്രേക്ഷക മനസിലേയ്ക്ക് ഇടിച്ചു കയറിയ ഉലകനായകന് കമല്ഹാസന് രാഷ്ട്രീയത്തിലെ കന്നിയങ്കത്തില്‍ തിരിച്ചടി. നിയമസഭാ പോരാട്ടത്തില്‍ കോയമ്പത്തൂര്‍ സൗത്ത് മണ്ഡലത്തില്‍ മക്കള്‍ നീതി മയ്യത്തിന്റെ ടിക്കറ്റില്‍ മത്സരിച്ച കമലിന് നേരിയ വ്യത്യാസത്തില്‍ പരാജയം ഏറ്റുവാങ്ങേണ്ടി വന്നു.
ശക്തമായ ത്രികോണ മത്സരം നടന്ന മണ്ഡലത്തില്‍ 1500 വോട്ടിനാണ് കമല്‍ ബിജെപിയുടെ വനിതാ വിഭാഗമായ മഹിളാ മോര്‍ച്ചയുടെ ദേശീയ അധ്യക്ഷയായ വനതി ശ്രീനിവാസനോട് തോറ്റത്. വനതിയുടെയും കന്നിയങ്കം തന്നെയായിരുന്നു ഈ മത്സരം. മഹിളാ കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ മയൂര ജയകുമാറായിരുന്നു ഇവിടുത്തെ ഡി.എം.കെ. മുന്നണിയുടെ സ്ഥാനാര്‍ഥി.
തുടക്കം മുതല്‍ തന്നെ താരപരിവേഷമുണ്ടായിരുന്ന മണ്ഡലത്തില്‍ വോട്ടെണ്ണല്‍ തുടങ്ങിയതു മുതല്‍ കമല്ഹാസന് വ്യക്തമായ ലീഡ് നിലനിര്‍ത്തിയിരുന്നു. എന്നാല്‍, ഏതാണ്ട് പകുതി സമയമായപ്പോള്‍ കോണ്‍ഗ്രസിന്റെ മയൂര ജയകുമാര്‍ ലീഡ് പിടിച്ചു. അതുവരെ മൂന്നാം സ്ഥാനത്തായിരുന്നു വനതി അവസാന റൗണ്ടുകളിലാണ് അത്ഭുതകരമായ മുന്നേറ്റം നടത്തിയത്. ഒടുവില്‍ ഫോട്ടോഫിനിഷില്‍ വനതി വിജയം ഉറപ്പിക്കുകയായിരുന്നു. 2018ലാണ് കമല്‍ സ്വന്തമായി ഒരു രാഷ്ട്രീയ പാര്‍ട്ടി രൂപവത്കരിക്കുന്നത്.
Discussion about this post