തിരുവനന്തപുരം: ഇത്തവണ കേരളം ഭരിക്കാമെന്ന ആത്മവിശ്വാസത്തിലായിരുന്നു ബിജെപി. എന്നാല്‍ തെരഞ്ഞെടുപ്പ് ഫലം ബിജെപിയുടെ ആഗ്രഹത്തെ മുളയിലേ നുള്ളി. കേവലം 30 സീറ്റ് ലഭിച്ചാല്‍ കേരളം ഭരിക്കാമെന്ന ആഗ്രഹം നേരത്തെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന് തുറന്നുപറഞ്ഞിരുന്നു. എന്നാല്‍ കേരളജനത നല്കിയ തിരിച്ചടി ബിജെപിക്ക് ഉള്ക്കൊള്ളാവുന്നതിലുമപ്പുറമായിരുന്നു.
രണ്ട് മണ്ഡലങ്ങളിലാണ് ഇത്തവണ കെ സുരേന്ദ്രന് മത്സരിച്ചത്. വിജയമുറപ്പിക്കുക എന്ന് തന്നെയായിരുന്നു ലക്ഷ്യം. രണ്ട് മണ്ഡലങ്ങളിലും പ്രചരണത്തിന് എളുപ്പത്തില്‍ എത്താന്‍ ഹെലികോപ്റ്ററും സുരേന്ദ്രനായി ഇറക്കിയിരുന്നു. കഴിഞ്ഞ തവണ അക്കൗണ്ട് തുറന്ന ആ ഒരു സീറ്റില്‍ നിന്ന് വെച്ചടി വെച്ചടി കയറ്റമായിരുന്നു ബി.ജെ.പി ഇത്തവണ പ്രതീക്ഷിച്ചത്.
നേമം, തിരുവനന്തപുരം, കഴക്കൂട്ടം, കോന്നി, പാലക്കാട്, തൃശൂര്‍, മഞ്ചേശ്വരം എന്നിവയായിരുന്നു ബിജെപിക്ക് ഏറെ പ്രതീക്ഷയുള്ള മണ്ഡലങ്ങള്‍. ഈ മണ്ഡലങ്ങള്‍ പിടിക്കാന്‍ പ്രമുഖരെ തന്നെ ബിജെപി കളത്തിലിറക്കി. ് ഇ. ശ്രീധരന്, സുരേഷ് ഗോപി, കൃഷ്ണകുമാര്‍, ശോഭ സുരേന്ദ്രന് എന്നിങ്ങനെ, തുറുപ്പു ചീട്ടുകളെന്ന് അവര്‍ കരുതിയ ചില വ്യക്തിത്വങ്ങളെയാണ് സ്ഥാനാര്‍ത്ഥികളാക്കിയത്.
കടുത്ത മത്സരം തന്നെയാണ് ഇ. ശ്രീധരന് മത്സരിച്ച പാലക്കാടും സുരേഷ് ഗോപി മത്സരിച്ച തൃശൂര്‍ മണ്ഡലത്തിലും നടന്നത്. പാലക്കാട്ട് വിജയം ഉറപ്പാണെന്നായിരുന്നു ഇശ്രീധരന്റെ വാദം. എന്നാല്‍ ഫലം വന്നപ്പോള്‍ ഒരു സീറ്റുപോലും നേടാന്‍ ബിജെപിക്ക് കഴിഞ്ഞില്ലെന്നതാണ് സത്യം.
പോസ്റ്റല്‍ വോട്ടുകള്‍ എണ്ണിത്തുടങ്ങിയതു മുതല്‍ പാലക്കാട് മണ്ഡലത്തില്‍ ശ്രീധരനായിരുന്നു മുന്‍തൂക്കം. എന്നാല്‍ അവസാന ഘട്ടത്തില്‍ ഈ വോട്ടു നില മാറി മറിയുകയും 3000 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായ ഷാഫി പറമ്പില്‍ വിജയിക്കുകയുമായിരുന്നു.
തൃശൂരില്‍ സുരേഷ് ഗോപിക്ക് കടുത്ത തോല്‍വിയാണ് നേരിടേണ്ടി വന്നത്. ആദ്യ ഘട്ടത്തില്‍ മുന്നില്‍ നിന്നെങ്കിലും സുരേഷ് ഗോപി തോറ്റു. എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി പി. ബാലചന്ദ്രനാണ് ഇവിടെ വിജയിച്ചത്. കഴക്കൂട്ടത്ത് ശോഭ സുരേന്ദ്രനും തോല്‍വി ഏറ്റുവാങ്ങി. തികഞ്ഞ ആത്മവിശ്വാസത്തോടെ മത്സരിച്ച കോന്നിയിലും മഞ്ചേശ്വരത്തും കെ സുരേന്ദ്രനും എട്ടുനിലയില്‍ പൊട്ടി.
Discussion about this post