മുബൈ: സമുദായ സ്പര്‍ധ സൃഷ്ടിക്കുന്ന തരത്തിലുള്ള പോസ്റ്റുകള്‍ സമൂഹമാധ്യമത്തിലൂടെ പ്രചരിപ്പിച്ചെന്ന കേസില്‍ ബോളിവുഡ് താരം കങ്കണ റണാവത്തിനും സഹോദരി രംഗോലി ചന്ദേലിനും മുബൈ പൊലീസിന്റെ നോട്ടീസ്. ഇത് മൂന്നാം തവണയാണ് ഈ വിഷയത്തില്‍ രണ്ടുപേരെയും പോലീസ് വിളിപ്പിക്കുന്നത്. ഈ മാസം 23, 24 തീയതികളില്‍ ബാന്ദ്ര പോലീസിനു മുന്നില്‍ ഹാജരാകണമെന്നാണ് നോട്ടീസിലെ നിര്‍ദേശം.
നേരത്തേ ഒക്ടോബര്‍ 26, 27 തീയതികളിലും അതിനുശേഷം നവംബര്‍ 9, 10 തീയതികളിലും ഹാജരാവാന്‍ ഇരുവരോടും പറഞ്ഞിരുന്നു. എന്നാല്‍ രണ്ടു തവണയും കങ്കണയും സഹോദരിയും ഹാജരായില്ല. സഹോദരന്റെ വിവാഹത്തിന്റെ തിരക്കിലാണെന്നും നവംബര്‍ 15നു ശേഷം വരാമെന്നുമായിരുന്നു ഇരുവരും നല്കിയ മറുപടി.
സമുദായങ്ങള്‍ തമ്മില്‍ ശത്രുത വളര്‍ത്തുന്ന തരത്തിലുള്ള പോസ്റ്റുകള്‍ സമൂഹമാധ്യമത്തിലൂടെ പ്രചരിപ്പിച്ചെന്നാണു രണ്ടുപേര്‍ക്കും എതിരായ കുറ്റം. ബോളിവുഡ് കാസ്റ്റിങ് ഡയറക്ടറും ഫിറ്റ്നസ് ട്രെയിനറുമായ മുനാവ്വര്‍ അലി സയ്യിദ് നല്കിയ പരാതിയിലാണ് പോലീസ് കേസെടുത്തിരിക്കുന്നത്.
Discussion about this post