തിരുവനന്തപുരം: സംസ്ഥാനത്ത് മദ്യവിതരണം ശനിയാഴ്ച ആരംഭിച്ചേക്കുമെന്ന് വിവരം. ബാറുകള്‍ ബെവ്കോയുമായി ഉണ്ടാക്കേണ്ട കരാര്‍ വൈകുന്നതിനാലാണ് മദ്യവില്പനയുടെ കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കാനാവാത്തത്. ഇത് പൂര്‍ത്തിയാക്കി ശനിയാഴ്ചയോടെ മദ്യവില്പന ആരംഭിക്കാനാകുമെന്നാണ് റിപ്പോര്‍ട്ട്.
ബെവ് ക്യൂ എന്ന് പേരിട്ടിരിക്കുന്ന ആപ്പ് ഇപ്പോള്‍ സുരക്ഷാ പരിശോധനയും ലോഡ് ടെസ്റ്റിങ്ങും നടത്തി വരികയാണ്. ആദ്യഘട്ട ട്രയല്‍ നടത്തിയത് വിജയകരമെന്ന റിപ്പോര്‍ട്ടുകള്‍ നേരത്തെ എത്തിയിരുന്നു. ബെവ്കോയുടെ അന്തിമ അനുമതി ലഭിച്ചാല്‍ പ്ലേസ്റ്റോറിലും ആപ്പ് സ്റ്റോറിലും ആപ്പ് ലഭ്യമാകുമെന്നാണ് പ്രതീക്ഷ. ആപ്പ് തയ്യാറായാലും ബാറുകളുമായി ബെവ്കോ കരാര്‍ ഒപ്പിടാത്തതിനാല്‍ ബാറുകള്‍ മുഖേനയുള്ള മദ്യവില്പന വൈകുമെന്നാണ് റിപ്പോര്‍ട്ട്.
50 രൂപ മുദ്രപ്പത്രത്തിലാണ് കരാറുണ്ടാക്കേണ്ടത്. ഇതിനുള്ള മാര്‍ഗരേഖ സര്‍ക്കാര്‍ പുറത്തിറക്കിയത് ചൊവ്വാഴ്ചയാണ്. ബുധനാഴ്ച വൈകുന്നേരം അഞ്ചു മണിവരെയാണ് ഇതിനുള്ള സമയം അനുവദിച്ചിരിക്കുന്നത്. ബാറുകള്‍ ബെവ്കോയുമായി കരാര്‍ ഉണ്ടാക്കേണ്ടതുണ്ട്. ഒന്‍പത് വ്യവസ്ഥകളാണ് ഈ കരാറിലുള്ളത്. ഓരോ ഇ-ടോക്കണും 50 പൈസ വീതം വെബ്കോയ്ക്ക് നല്‍കണം എന്നും വ്യവസ്ഥയുണ്ട്.
Discussion about this post