കണ്ണെടുക്കാന്‍ വിടാത്ത കാഴ്ച, മനസുനിറയ്ക്കുന്ന പെണ്‍നിര; ജനപ്രിയതയുടെ മര്‍മ്മമറിഞ്ഞ ഇന്ത്യന്‍ സിനിമയിലെ ബ്രഹ്മാണ്ഡം ബാഹുബലി 2

-രൂപശ്രീ കട്ടപ്പ എന്തിന് ബാഹുബലിയെ കൊന്നു? രണ്ടുവര്‍ഷത്തോളം പ്രേക്ഷകരുടെ തലപുകച്ച ചോദ്യത്തിന് ഒടുക്കം ഉത്തരം കിട്ടി. ബാഹുബലിയുടെ രണ്ടാം പകുതിക്കുവേണ്ടി രണ്ടു വര്‍ഷത്തെ കാത്തിരിപ്പ് എന്തിനെന്ന ചോദ്യത്തിന്റെ മറുപടി ചിത്രം തന്നു കഴിഞ്ഞു. സിനിമ കണ്ടിറങ്ങുമ്പോള്‍ മനസിലാകും ഈ കാത്തിരിപ്പ് അനിവാര്യമായിരുന്നെന്ന്. അതെ, ഒരൊറ്റ സ്‌ട്രെച്ചില്‍ പറഞ്ഞു തീര്‍ക്കാനോ കണ്ടുതീര്‍ക്കാനോ കഴിയുന്നതല്ല ബാഹുബലിയുടെ കഥ. രണ്ടാം പകുതിയിലൂടെ ചിത്രം പൂര്‍ത്തിയാകുമ്പോള്‍ മഹേന്ദ്ര ബാഹുബലിയിലൂടെ, പിതാവ് അമരേന്ദ്ര ബാഹുബലിയിലേക്കുള്ള ബ്രഹ്മാണ്ഡ യാത്രാനുഭവമാകും ബാഹുബലി. പാഴാകാത്ത കാത്തിരിപ്പ് ലോകസിനിമയില്‍ ഇതാദ്യമാകും ഒരു സിനിമയ്ക്കിടെ രണ്ടുവര്‍ഷത്തെ ഇടവേള. ക്ഷമയോടെ കാത്തിരുന്ന പ്രേക്ഷകര്‍ക്ക് മനസ് നിറഞ്ഞ് തുളുമ്പാനുള്ള വക കരുതിയിട്ടുണ്ട് സംവിധായകന്‍ എസ്എസ് രാജമൗലി. മഹിഷ്മതി രാജ്യത്തിന്റെ കരുത്തനായ പോരാളി ബാഹുബലിയെ (പ്രഭാസ്) വിശ്വസ്തനായ സേനാധിപന്‍ കട്ടപ്പ (സത്യരാജ്) കൊന്നു എന്ന സസ്‌പെന്‍സില്‍ ഫുള്‍സ്‌റ്റോപ്പിട്ട ഒന്നാം പകുതിയേക്കാള്‍ എന്തുകൊണ്ടും മികവു പുലര്‍ത്തിയിട്ടുണ്ട് ചിത്രത്തിന്റെ രണ്ടാം ഭാഗം. 250 കോടി മുടക്കി നിര്‍മ്മിച്ച രണ്ടാം പകുതി ദൃശ്യഭംഗികൊണ്ടും അഭിനയത്തികവുകൊണ്ടും കഥപറച്ചില്‍ കൊണ്ടും സംവിധാനമികവുകൊണ്ടും പ്രേക്ഷകരെ അമ്പരപ്പിക്കുക തന്നെ ചെയ്യും. baahu-story_647_022417113846 ഒടുവില്‍ ഉത്തരം കിട്ടി തുടക്കം മുതല്‍ തന്നെ പ്രേക്ഷകര്‍ കാത്തിരുന്നത് ആ ഉത്തരത്തിന് വേണ്ടിയായിരുന്നു. എന്നാല്‍ ഇടവേളവരെയും അതിനുള്ള ഉത്തരം തരാതെ ബാഹുബലി നമ്മെ പിടിച്ചിരുത്തും. മഹിഷ്മതിക്ക് പ്രിയങ്കരനായ അമരേന്ദ്ര ബാഹുബലിയുടെ ജീവിതത്തിലേക്കുള്ള ദേവസേനയുടെ വരവും സഹോദരന്‍ പല്ലവതേവനുമായുളള തര്‍ക്കവും രാജ്യനഷ്ടവുമെല്ലാമാണ് ബാഹുബലി 2 പറയുന്ന കഥ. പട്ടാഭിഷേകത്തിനു മുന്‍പ് ദിഗ് വിജയത്തിനായി അമ്മ ശിവകാമി (രമ്യാകൃഷ്ണന്‍) ബാഹുബലിയെ കട്ടപ്പയ്‌ക്കൊപ്പം പറഞ്ഞുവിടുന്നു. ഇതിനിടയില്‍ ജീവിതസഖിയായ ദേവസേന (അനുഷ്‌ക)യെയും കൊണ്ട് രാജ്യത്തേക്ക് മടങ്ങിവന്ന ബാഹുബലിക്ക് സഹോദരന്‍ പല്ലവതേവന്റെയും (റാണ ദഗ്ഗുപതി) മന്ത്രിയായ പിന്‍ഗളതേവന്റെയും (നാസര്‍) കുതന്ത്രത്തില്‍ രാജകൊട്ടാരം വിട്ട് പുറത്തുപോകേണ്ടിവരുന്നു. പിന്നീട് സാധാരണക്കാര്‍ക്കൊപ്പം ജനകീനായി ജീവിക്കുന്ന ബാഹുബലി മഹിഷ്മതിയുടെ ജനസമ്മതനായ നേതാവായി മാറും. [video id="qD-6d8Wo3do" type="youtube" width="" height="320"] കണ്ണെടുക്കാന്‍ വിടാത്ത കാഴ്ച മൂന്നു മണിക്കൂര്‍ ഇമവെട്ടാന്‍ പോലും ഇടകിട്ടിയെന്നു വരില്ല. കെകെ സെന്തില്‍ കുമാറിന്റെ ഛായാഗ്രഹണ മികവും മനംകവരുന്ന ഗ്രാഫിക്‌സുകളും ബാഹുബലിയെ ഒരു മായക്കാഴ്ചയാക്കും. സ്‌ക്രീനില്‍ നിന്ന് ഒരു നിമിഷം പോലും കണ്ണെടുക്കാന്‍ വിടാത്ത ബാഹുബലി 2 തെന്നിന്ത്യന്‍ സിനിമയുടെ അഭിമാനമായി മാറിക്കഴിഞ്ഞു. സാങ്കേതികത്തികവില്‍ നിറയുന്ന കാഴ്ചകള്‍ കാണാതെ പോയാല്‍ ഒരുപക്ഷേ ഒരു മനുഷ്യായുസിന്റെ വലിയ നഷ്ടമാകും അത്. മഹിഷ്മതിയിലെ കൊട്ടാരവും കോട്ടകൊത്തളങ്ങളും സങ്കല്പങ്ങളെ പോലും കവച്ചുവച്ചേക്കും. എന്നാല്‍ മുഴുനീളെ മായക്കാഴ്ചകള്‍ നല്‍കി യാഥാര്‍ത്ഥ്യത്തില്‍ നിന്ന് വിട്ടുപോകുന്നുമില്ല ചിത്രം. ബാഹുബലി ആദ്യ ഭാഗം നല്‍കിയ ഫാന്റസി എലിമെന്റുകള്‍ ഒരു പൊടിക്ക് കുറച്ചത് സിനിമയെ കൈപ്പിടിയില്‍ നിര്‍ത്തി. psoter മനസുനിറയ്ക്കുന്ന പെണ്‍നിര ഒന്നാം ഭാഗത്തില്‍ ബാഹുബലിയും കട്ടപ്പയുമാണ് മനസില്‍ തങ്ങി നിന്നതെങ്കില്‍ ഇത്തവണ ദേവസേനയും ശിവകാമിയും പ്രേക്ഷകഹൃദയത്തില്‍ വലിയൊരു ചാരുകസേരയിട്ട് ഇരുന്നു. ശിവകാമിയായി രമ്യാകൃഷ്ണന്‍ ഇത്തവണയും ഞെട്ടിച്ചു. ശിവകാമിക്ക് മികച്ച എതിരാളിയായി അഭിനയം കൊണ്ടും കഥാപാത്രത്തിന്റെ ആഴം കൊണ്ടും ദേവസേന നിവര്‍ന്നുനിന്നു. ബാഹുബലിക്കു സമമായി മഹിഷ്മതിയുടെ അങ്കത്തട്ടില്‍ നിവര്‍ന്നു നിന്ന് ആജ്ഞകളും അധികാരവും കൈയാളുന്ന സ്ത്രീകളാണ് ഇവര്‍ രണ്ടുപേരും. ബാഹുബലിയോട് തോള്‍ചേര്‍ന്നു നില്‍ക്കുന്ന പങ്കാളിയായി ദേവസേനയും മഹിഷ്മതിക്ക് അധികാരസ്വരമായ ശിവകാമിയും ചിത്രത്തിന്റെ നെടുംതൂണുകളാണ്. മഹേന്ദ്ര ബാഹുബലിയുടെ വളര്‍ത്തമ്മയായെത്തുന്ന രോഹിണിയെയും രണ്ടാം പകുതിയില്‍ പ്രാധാന്യത്തോടെ പരിഗണിച്ചിട്ടുണ്ട്. മഹേന്ദ്ര ബാഹുബലിയുടെ നായിക അവന്തിക (തമന്ന) ഒടുക്കം ചില ഷോട്ടുകളില്‍ മാത്രം നിലനിര്‍ത്തിയതും ഉചിതമായി. കെഎം കീരവാണിയുടെ സംഗീതമികവ് ഇത്തവണയും വിസ്മരിക്കാനാവില്ല. വസ്ത്രാലങ്കാരവും മാസ്മരിക സെറ്റുകളും നീണ്ട താരനിരയും പിന്നണി പ്രവര്‍ത്തകരും ഒത്തുപിടിച്ചപ്പോള്‍ ഇന്ത്യന്‍ സിനിമാ പോക്കറ്റില്‍ വീണ്ടുമൊരു ബ്രഹ്മാണ്ഡ ഹിറ്റ് ചരിത്രം തീര്‍ത്തു ബാഹുബലി. (മാധ്യമപ്രവര്‍ത്തകയാണ് ലേഖിക) [video id="G62HrubdD6o" type="youtube" width="" height="320"]

Read more news : www.bignewslive.com

Follow us on facebook : www.facebook.com/bignewslive

Latest News

Comments

മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.

(ctrl+m to swap language)