ജനപ്രിയ ഹാച്ച്ബാക്കായ മാരുതി റിറ്റ്സ് വിപണിയില്‍ നിന്നും പിന്‍വലിച്ചു. 2009ല്‍ പുറത്തിറങ്ങിയ റിറ്റ്സ് നാലു ലക്ഷത്തിലേറെ യൂണിറ്റുകളാണ് ഇതിനോടകം വിറ്റഴിച്ചത്. പുത്തന്‍ തലമുറ ഹാച്ച്ബാക്കുകളില്‍ മാരുതിയ്ക്ക് ഏറെ പേരുണ്ടാക്കി നല്കിയ കാറായ റിറ്റ്സിനെയാണ് അപ്രതീക്ഷിതമായി വിപണിയില്‍നിന്നും പിന്‍വലിക്കുന്നത്. വിപണിയിലെത്തിയതിനുശേഷം കാര്യമായ മാറ്റങ്ങള്‍ റിറ്റ്സിന് മാരുതി വരുത്തിയിരുന്നില്ല.
പുതുമോഡലുകളെ വിപണിയില്‍ ഊട്ടിയുറപ്പിക്കുന്നതിന്റെ ഭാഗമായാണ് മാരുതി ഇത്തരമൊരു നീക്കത്തിനുമുതിര്ന്നത്. റിറ്റ്സ് ഇനിയുണ്ടാവില്ലെങ്കിലും വാഹനഭാഗങ്ങള്‍ പത്തുവര്‍ഷത്തേക്ക് വിപണിയിലുണ്ടാവും എന്നാണ് മാരുതിയുടെ ഉറപ്പ്. റിറ്റ്സിന്റെ സര്‍വീസും പത്തുവര്‍ഷത്തേക്ക് കമ്പനി നേരിട്ട് നല്‍കും. ഇഗ്നിസ്, സ്വിഫ്റ്റ്, സ്വിഫ്റ്റ് ഡിസയര്‍, സെലേറിയോ, ബലേനൊ എന്നീ കാറുകളിലാണ് മാരുതി ഇപ്പോള്‍ കൂടുതല്‍ ശ്രദ്ധയൂന്നുന്നത്.
മാരുതിയുടെ ഏറ്റവും മികച്ച ഹാച്ച്ബാക്കെന്ന് പലരും വിശേഷിപ്പിക്കുന്ന റിറ്റ്സ് പെട്ടെന്ന് പിന്‍വലിച്ചതിനെ വിദഗ്ദരുള്പ്പടെയുള്ള പലരും വിമര്‍ശിക്കുകയാണ്. പെട്രോള്‍ വേരിയന്റിന് ഒരല്പം മൈലേജ് കുറവുണ്ടെന്നുള്ളതൊഴിച്ചാല് എന്തുകൊണ്ടും മുടക്കുന്ന പണത്തിന് മുഴുവന്‍ മൂല്യവും തരുന്ന വാഹനമായിരുന്നു നാലു സിലിന്‍ഡര്‍ എഞ്ചിനോടുകൂടിയ റിറ്റ്സ്. പെട്രോള്‍ വേരിയന്റും ഡീസല്‍ വേരിയന്റും ഒരുപോലെ ജനപ്രിയമായിരുന്നു.
ഓട്ടോമാറ്റിക് വേരിയന്റ് ഇറക്കി റിറ്റ്സിന് ഒരു പുത്തന്‍ മുഖം നല്കാന് മാരുതി ശ്രമിച്ചിരുന്നു. 23 കിലോമീറ്ററില്‍ കൂടുതല്‍ മൈലേജ് ഉറപ്പുവരുത്തുന്ന ഡീസല്‍ എഞ്ചിനോടൊപ്പമാണ് ഓട്ടോമാറ്റിക് ഗിയര്‍ബോക്സും മാരുതി ഉറപ്പിച്ചത്. ഈ വേരിയന്റിന് വിപണിയില്‍ തരംഗം സൃഷ്ടിക്കാന്‍ സാധിക്കാത്തതാവാം മാരുതിയെ ഇത്തരത്തില്‍ ഒരു തീരുമാനത്തിന് പ്രേരിപ്പിച്ചത്.
കുടുംബങ്ങള്‍ക്ക് ഏറെ പ്രിയങ്കരമായ വാഗണ്‍ആറിനും ആള്‍ട്ടോയ്ക്കും കുറച്ചുകൂടി പണം മുടക്കുന്നവര്‍ ആഗ്രഹിച്ച സ്വിഫ്റ്റിനും സാധിക്കാത്തതാണ് കയ്യിലൊതുങ്ങുന്ന വിലയില്‍ നിന്നുകൊണ്ട് റിറ്റ്സ് നേടിയെടുത്തത്. മാരുതിയുടെ മറ്റുകാറുകളോട് താത്പര്യം കാണിക്കാത്ത ഒരുപറ്റം യുവ ആരാധക നിര റിറ്റ്സിന് സ്വന്തമായിരുന്നു. അഞ്ചുലക്ഷം രൂപയ്ക്ക് ആരംഭവിലയുള്ള വാഹനങ്ങളില്‍ ഏറ്റവും മികച്ച ഗുണനിലവാരം പുലര്‍ത്തുന്ന ഇന്റീരിയറും പ്ലാസ്റ്റിക് ഭാഗങ്ങളും ഈ ഹാച്ച്ബാക്കിനുമാത്രം സ്വന്തമായിരുന്നു. വേഗതയെടുത്താലും മികച്ച നിയന്ത്രണവും രസകരമായ ഡ്രൈവിംഗ് അനുഭവവും റിറ്റ്സ് സമ്മാനിച്ചു.
മാരുതിയുടെ സുന്ദരി എന്നുവരെ വിളിക്കപ്പെട്ട ഈ കാറിനെ പുതിയ മോഡലുകള്‍ ഇറക്കി സംരക്ഷിക്കാനോ വാഗണ്‍ആറില്‍ ചെയ്തതുപോലെ എഞ്ചിന് മാറ്റങ്ങളോടെ ഫേസ്ലിഫ്റ്റ് മോഡലുകള്‍ ഇറക്കി വിപണിയില്‍ ഉറപ്പിച്ച് നിര്‍ത്താനോ മുതിരാതെ മാരുതി തന്നെ ഒടുവില്‍ കയ്യൊഴിഞ്ഞിരിക്കുകയാണ്.
Read more news : www.bignewslive.com
Follow us on facebook : www.facebook.com/bignewslive
Comments
മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.
(ctrl+m to swap language)