ഇന്ന് പ്രണയദിനം: തീപിടിച്ച പ്രണയങ്ങള്‍ക്കു പകരം നമുക്ക് ആത്മാവിന്റെ പ്രണയങ്ങളിലലിയാം

prayar gopalakrishnan,sabarimala,pampa river
ഫഖ്‌റുദ്ധീന്‍ പന്താവൂര്‍ പ്രണയിക്കപ്പെടാന്‍ ഒരു ദിനമെന്നത് ആധുനികതയുടെ കപടതയായി കാണുന്നവരുണ്ട്. പ്രണയിക്കപ്പെടുന്നു എന്ന് ഉറക്കെ വിളിച്ചുപറയുമ്പോള്‍ മാലാഖമാര്‍ ചുറ്റും സംഗീതം പൊഴിക്കും. എങ്കില്‍ അതിനൊരു ദിനം തിരഞ്ഞെടുക്കുന്നതില്‍ എന്താണ് തെറ്റ്. ഇന്ന് പ്രണയദിനമാണ്. ഇന്നലെ ഡിഗ്രി അവസാന വര്‍ഷ വിദ്യാര്‍ത്ഥികളായ രണ്ട് പെണ്‍കുട്ടികള്‍ എന്റെ അടുത്തുവന്നു. പ്രണയദിനത്തിനായി കരുതിവെച്ച ' രഹസ്യം ' അറിയാനായിരുന്നു അവരുടെ വരവ്. 'ഒരു കാട്ടില്‍ നിറയെ കാടുകള്‍ ഉള്ളത് പോലെ ഒരു ഖല്‍ബില്‍ നിറയെ ഖല്‍ബുകള്‍.. ഓരോ ഖല്‍ബിലും നിറയെ പ്രണയങ്ങള്‍. പ്രണയങ്ങളാണ് ജൈവികതയെ നിലനിര്‍ത്തുന്നത്. പ്രണയം ശാരീരികമാവുമ്പോള്‍ അതിന്റെ ആത്മാവ് നഷ്ടപ്പെടുന്നു. ശരീരങ്ങളുടെ പ്രണയങ്ങളെ നോക്കി നിങ്ങള്‍ പ്രണയിക്കുന്നു എന്ന് വിളിച്ചുകൂവുമ്പോള്‍ കുറ്റബോധം തോന്നും. കാരണം അത് ആത്മാവില്ലാത്ത നിഴല്‍ സമാനമാണ്. കുട്ടികളെ പ്രണയത്തിന്റെ ആത്മീയത തൊട്ടറിയുക. പ്രണയം നിങ്ങളെ ശക്തരും വിപ്ലവകാരികളുമാക്കുന്നു.' ഞാന്‍ അവരോട് പറഞ്ഞു. അവര്‍ സന്തോഷത്തോടെ തിരികെ ക്ലാസിലേക്ക് പോയി. നോക്കൂ.. പ്രണയങ്ങള്‍ ഇക്കാലത്ത് തീപിടിച്ച ഭ്രാന്താണ്. എത്ര പെട്ടെന്നാണ് അതിന് ഹിംസയുടെ ആവരണം വരുന്നത്. ക്യാംപസുകളില്‍.. ക്ലാസ് മുറികളില്‍.. തെരുവുകളില്‍.. യാത്രയില്‍.. നീലവെളിച്ചത്തില്‍ എത്രയെത്ര പ്രണയങ്ങളാണ് ആത്മാവിനെ തേടി അലയുന്നത്. ശരീരത്തിന്റെ പ്രണയങ്ങളില്‍ ജീവിതം ഹോമിക്കാനുള്ളതെന്നാണ് പുതുതലമുറയിലെ പലരും ധരിച്ചുവച്ചിട്ടുള്ളത്. പരസ്പരം പ്രണയിക്കുന്ന രണ്ടുപേരില്‍ ആത്മാവിന്റെ ഒന്നിക്കലുകള്‍ക്കു പകരം ശാരീരികം മാത്രമാകുമ്പോഴാണത് അപകടങ്ങളായി മാറുന്നത്. സൂഫിഗുരുവായ ജലാലുദ്ധീന്‍ റൂമി രണ്ട് കമിതാക്കളുടെ കഥ പറഞ്ഞിരുന്നു. കഥ ഇങ്ങനെയാണ്. പ്രണയം നിലാവ് പരത്തിയ ഒരു പാതിരാത്രിയില്‍ കാമുകന്‍ കാമുകിയുടെ വാതിലില്‍ മുട്ടി. 'ആരാണ് '? കാമുകി ചോദിച്ചു 'ഞാനാണ് ' പതിഞ്ഞ ശബ്ദത്തില്‍ കാമുകന്‍ പറഞ്ഞു. അവള്‍ വാതില്‍ തുറന്നില്ല. അയാള്‍ വീണ്ടും വാതിലില്‍ മുട്ടി 'ആരാണ് '? കാമുകിയുടെ ശബ്ദം 'ഞാന്‍ തന്നെ.. ' കാമുകന്‍ പറഞ്ഞു . അവള്‍ ഇത്തവണയും വാതില്‍ തുറന്നില്ല. വീണ്ടും മുട്ടി 'ആരാണ് '? ചോദ്യം ആവര്‍ത്തിച്ചു 'നീയാണ്..' കാമുകന്‍ പറഞ്ഞു. അവള്‍ വാതില്‍ തുറന്നു കാമുകനെ സ്വീകരിച്ചു.' പ്രണയത്തില്‍ 'ഞാന്‍ ' ഇല്ല 'നീ ' എന്ന സ്‌നേഹി മാത്രമെയുള്ളൂ. ഞാനെന്ന ഭാവം പ്രണയത്തെ സ്വാര്‍ത്ഥമാക്കുന്നു. സ്വന്തമാകുന്നതോടെ മിക്ക പ്രണയങ്ങളും നശിക്കുന്നത് അതുകൊണ്ടാണ്. പ്രണയിനിയില്‍ സ്വയമലിഞ്ഞ് ഞാന്‍ ഇല്ലാതായി നീ മാത്രമാകുമ്പോള്‍ പ്രണയത്തിന്ന് ആത്മാവിന്റെ സംഗീതം കേള്‍ക്കാം. മാലാഖമാരുടെ നൃത്തങ്ങളാല്‍ പ്രണയം കൂടുതല്‍ മനോഹരമാകുന്നത് കാണാം. 'പ്രണയം ശക്തമായാല്‍ എനിക്കെങ്ങെനെയത് ഒളിപ്പിക്കാനാവും? എന്റെ ഖല്‍ബ് പ്രണയത്താല്‍ വിറക്കുന്നു.. കുളിരുന്നു.. മരിക്കുന്നു.. വീണ്ടും ജനിക്കുന്നു.. മരിക്കുന്നു.. എനിക്ക് മൗനിയാകാന്‍ കഴിയില്ല. എന്റെ പ്രേമാഭിലാഷമേ ഉണരൂ..' വിശുദ്ധമന്ദിരത്തിനടുത്ത് വെച്ച് സൂഫി വനിത പ്രണയഭാരത്താല്‍ ഇങ്ങനെ കവിത ചൊല്ലിയത് കേട്ടാണ് മറ്റൊരു സൂഫിയായ ബഗ്ദാദുകാരന്‍ ജുനൈദ് പ്രണയത്തിന്റെ ആത്മീയതയുടെ പൊരുള്‍ തിരിച്ചറിഞ്ഞത്. ഹൃദയങ്ങളിലെ പ്രണയങ്ങള്‍ വറ്റിയതാണ് കുടുംബബന്ധങ്ങളും ജീവിതവും മരുഭൂമിയിലെ ഉഷ്ണക്കാറ്റുപോല്‍ ആയത്. പ്രണയങ്ങളെ അപരാധമായി കാണുന്ന തലമുറയിലെ രണ്ടാം നിരക്കാരില്‍ നിന്നും നമുക്ക് ആത്മാവിന്റെ പ്രണയ സൗന്ദര്യം തിരിയാനാവില്ല. പ്രണയങ്ങളാദ്യം കുടുംബങ്ങളില്‍ നിന്നു തുടങ്ങട്ടെ. ഹൃദയങ്ങളില്‍ മറ്റൊരുപാട് ഹൃദയങ്ങള്‍ തീര്‍ത്ത് മരണംവരെയും പ്രണയിക്കാനാവണം. പ്രണയങ്ങള്‍ സ്വയം ഇല്ലാതാക്കാനെന്ന് കരുതുന്നവര്‍ ധാരാളമാണ്. പ്രണയിച്ചവളെ പ്രട്രോള്‍ ഒഴിച്ച് കത്തിച്ച വാര്‍ത്ത കേട്ടിട്ട് അധികനാളായിട്ടില്ല. പ്രണയം നഷ്ടപ്പെടുത്തിയ ഒത്തിരി ജീവിതങ്ങളുണ്ട്. പ്രണയത്തിന്റെ ആത്മിയതയില്‍ ലയിക്കാനാകാതെ പോയവര്‍ക്ക് കണ്ണീരല്ലാതെ മറ്റൊന്നും നല്‍കാനുണ്ടാവില്ല. ദുഃഖം കലര്‍ന്ന ആനന്ദത്തിന്റെ മന്ദഹാസമാകാം ചിലപ്പോള്‍ പ്രണയം. പ്രണയം ആത്മബന്ധത്തിന്റെ സന്താനമാണ്. ഒരു നിമിഷത്തിന്റെ സൃഷ്ടി. ആത്മാവിന്റെ കരച്ചിലും ഹൃദയത്തിന്റെ മുറവിളിയും കേള്‍ക്കാന്‍ പ്രണയത്തിന് മാത്രമെ കഴിയൂ. മനസ്സിന്റെ സ്വാഭാവികമായ വികാരമാണ് പ്രണയം. അതിനെ തടഞ്ഞുവെക്കാതിരിക്കുക. പ്രണയത്തിലെ പ്രദാനപ്പെട്ട പദങ്ങള്‍ 'ഞാന്‍', 'നീ' എന്നാണ്. ആത്മീയതയുടെ അലങ്കാരമണിയുമ്പോളതില്‍ പരിശുദ്ധിയുടെ സ്പര്‍ശമുണ്ടാകും. എങ്ങനെയാണ് പ്രണയത്തില്‍ ആത്മീയതയുടെ നാദം തിരിച്ചറിയാനാവുക. ആഗ്രഹങ്ങള്‍ വരുമ്പോള്‍ പ്രണയത്തിന്റെ ആത്മാവ് നഷ്ടപ്പെട്ടിട്ടുണ്ടാകും. സ്വയം നിറയുകയെന്നതല്ലാതെ പ്രണയത്തിന് മറ്റൊരാഗ്രഹവുമില്ല. ഞാനും നീയും തമ്മില്‍ പ്രണയത്തിലായിരുന്നുവെന്ന് ആരുടെ സ്വപ്നമാണോ ആ ആള്‍ ഒരിക്കലും ഉണരാതിരിക്കട്ടെ എന്ന പ്രാര്‍ത്ഥനയാല്‍ പ്രണയത്തെ അനുഗമിക്കുക. കുടുംബബന്ധങ്ങള്‍.. സുഹൃദ് ബന്ധങ്ങള്‍.. എല്ലാം തളിരിതമാകട്ടെ.. ( മാധ്യമപ്രവര്‍ത്തകനും, അധ്യാപകനും, സൈക്കോളജിസ്റ്റുമാണ് ലേഖകന്‍. 9946025819 )

Read more news : www.bignewslive.com

Follow us on facebook : www.facebook.com/bignewslive

Latest News

Comments

മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.

(ctrl+m to swap language)