മലപ്പുറത്ത് ഒരുലക്ഷത്തിലധികം വോട്ട് കൂടുതല്‍ നേടി കരുത്ത് തെളിയിച്ച് എല്‍ഡിഎഫ്: ആയിരം വോട്ടുകള്‍പോലും കൂടുതല്‍ നേടാനാവാതെ മുഖത്തടിയേറ്റ് ബിജെപി

prayar gopalakrishnan,sabarimala,pampa river
കൊച്ചി: പികെ കുഞ്ഞാലിക്കുട്ടിക്ക് മലപ്പുറം ലോക്‌സഭാ ഉപതെരഞ്ഞെടുപ്പില്‍ ഉണ്ടായ തകര്‍പ്പന്‍ വിജയത്തിനൊപ്പം തന്നെ രാഷ്ട്രീയ പ്രാധാന്യമുള്ള രണ്ട് സുപ്രധാന ഘടകങ്ങളാണ് ഇടതു മുന്നേറ്റവും ബിജെപിക്കുണ്ടായ തിരിച്ചടിയും. മറ്റൊരു പ്രധാന കാര്യം പികെ കുഞ്ഞാലിക്കുട്ടിയുടെ ഭൂരിപക്ഷം ഇ അഹമ്മദിന് 2014ല്‍ ലഭിച്ചതിനേക്കാള്‍ കുറഞ്ഞെങ്കിലും വോട്ടുകള്‍ അന്നത്തേതിലും വര്‍ധിച്ചു. 4,37,723ല്‍ നിന്ന് 5,15,325 ആയാണ് വര്‍ധിച്ചത്. ഇടതുമുന്നണി സ്ഥാനാര്‍ത്ഥി എംബി ഫൈസലിന് ലഭിച്ചത് 3,44,287 വോട്ടുകളാണ്. അതായത് കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ സിപിഎം സംസ്ഥാന സമിതി അംഗം പികെ സൈനബയ്ക്ക് ലഭിച്ച 2,42,984 വോട്ടുകളേക്കാള്‍ 1,01,303 വോട്ടുകള്‍ കൂടുതല്‍. ബിജെപിയുടെ സ്ഥാനാര്‍ത്ഥി മാത്രമാണ് ഈ തെരഞ്ഞെടുപ്പില്‍ മാറാതിരുന്നത്. 2014ല്‍ മത്സരിച്ച എന്‍ ശ്രീപ്രകാശ് തന്നെ. അദ്ദേഹത്തിന് ഇത്തവണ വന്‍ കുതിപ്പുണ്ടാകുമെന്ന് ബിജെപി പ്രചരിപ്പിക്കുകയും പ്രതീക്ഷിക്കുകയും ചെയ്തു. പക്ഷേ, ഫലം വന്നപ്പോള്‍ വെറും 957 വോട്ടുകള്‍ മാത്രമാണ് വര്‍ധിച്ചത്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ലഭിച്ചത് 64,705 വോട്ടുകള്‍, ഇത്തവണ അത് 65,662 ആയി മാത്രം ഉയര്‍ന്നു. പികെ കുഞ്ഞാലിക്കുട്ടി മാധ്യമങ്ങളോടു പ്രതികരിച്ചപ്പോള്‍ ആദ്യം തന്നെ പറഞ്ഞത് യുഡിഎഫിന്റെ വിജയത്തേക്കുറിച്ചും ബിജെപിക്കുണ്ടായ പരാജയത്തേക്കുറിച്ചുമാണ് എന്നത് ശ്രദ്ധേയം. ആയിരം വോട്ടുകള്‍ പോലും തികച്ച് അധികം നേടാന്‍ ബിജെപിക്ക് സാധിക്കാതിരുന്നത് ആ പാര്‍ട്ടിയില്‍ വലിയ ചലനങ്ങളുണ്ടാക്കും. മലപ്പുറം മുസ്‌ലിം കേന്ദ്രമാണെന്നും തങ്ങള്‍ക്ക് വോട്ടുകള്‍ കുറഞ്ഞില്ലെന്നും മറ്റും വാദിച്ച് നിലനില്‍ക്കാന്‍ അവര്‍ ശ്രമിക്കുമെങ്കിലും ഒരു ലക്ഷം വോട്ടുകളിലേക്ക് ഉയരുമെന്ന അവകാശവാദത്തിനേറ്റ തിരിച്ചടി മറച്ചുപിടിക്കാന്‍ കഴിയാതെ വരുമെന്നുറപ്പ്. കോണ്‍ഗ്രസ്, ലീഗ് ഭിന്നതകള്‍ മാറ്റിവച്ച് ഒന്നിച്ചു നിന്നതിന്റെ ഗുണഫലം കൂടിയാണ് ബിജെപിക്ക് ഉണ്ടായ ഈ തിരിച്ചടിയെന്നും വിലയിരുത്തപ്പെടുന്നു. ഈ തെരഞ്ഞടുപ്പിനെ ഏറ്റവും ശ്രദ്ധേയമാക്കി മാറ്റിയത് ആര് ജയിക്കും, ആര് തോല്‍ക്കും എന്നീ ചോദ്യങ്ങളായിരുന്നില്ല എന്നതാണ് കൗതുകകരം. മറിച്ച് ഭൂരിപക്ഷത്തെക്കുറിച്ചായിരുന്നു തര്‍ക്കം. കുഞ്ഞാലിക്കുട്ടി ജയിക്കും എന്ന് ഉറപ്പായിരുന്നു. എന്നാല്‍ 1,94,739 എന്ന മാന്ത്രിക സംഖ്യയിലേക്ക് എത്താനാകുമോ എന്നതായിരുന്നു ചോദ്യം. അതിന്റെ ഉത്തരം ലീഗിനും കുഞ്ഞാലിക്കുട്ടിക്കും യുഡിഎഫിനും എതിരാണ്. കേരളം പിടിച്ചാല്‍ സുവര്‍ണകാലം എന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ പറഞ്ഞതിന്റെ തൊട്ടടുത്ത ദിവസത്തെ തിരിച്ചടി അവരുടെ സുവര്‍ണ സ്വപ്‌നങ്ങള്‍ക്കുള്ള തിരിച്ചടികൂടിയായി മാറി.

Read more news : www.bignewslive.com

Follow us on facebook : www.facebook.com/bignewslive

Latest News

Comments

മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.

(ctrl+m to swap language)