ഇത്തവണത്തെ തൃശൂര്‍ പൂരത്തില്‍ കൊടിയേറ്റവും, മേളവും, കുടമാറ്റവും, പഞ്ചാരിയും മാത്രമായിരുന്നില്ല താരമായിരുന്നത്. പൂരലഹരിയില്‍ മതിമറന്നു നില്ക്കുന്ന ജനനടുവില്‍ നിന്നെടുത്ത സേവ് ദ ഡേറ്റ് വീഡിയോകള്‍ ശ്രദ്ധേയമായിരിക്കുകയാണ്.
ഈ വരുന്ന മെയ് 25ന് നടക്കാനിരിക്കുന്ന വിവാഹത്തിന്റെ സേവ് ദി ഡേറ്റ് വീഡിയോയും സെപ്റ്റംബറില്‍ നടക്കാനിരിക്കുന്ന വിവാഹത്തിന്റെയും സേവ് ദി ഡേറ്റ് ഷൂട്ടുമാണ് പൂരങ്ങളുടെ പൂരത്തിനിടെ നടന്നത്.
എഴുന്നള്ളിച്ച് നിര്‍ത്തിയേക്കുന്ന ആനകള്‍ക്ക് മുന്‍പിലൂടെ നടന്നു നീങ്ങുന്ന വധൂ-വരന്മായ വിവേകും മീരയും. പിന്നണിയില്‍ ‘കാന്താ ഞാനും വരാം, തൃശൂര്‍ പൂരം കാണാന്‍’ എന്ന മസാല കോഫി ബാന്‍ഡിന്റെ ഗാനവും ഉണ്ട്.
ബ്ലാക്ക്പേപ്പര്‍ വെഡിങ്സാണ് വീഡിയോ ഒരുക്കിയിരിക്കുന്നത്. ഒറ്റ ദിവസം കൊണ്ട് തന്നെ ഷൂട്ടിങ്ങും എഡിറ്റിംഗും പൂര്‍ത്തിയാക്കിയ വീഡിയോ ആണിത്. ജിജീഷ് കൃഷ്ണന് സംവിധാനം നിര്‍വഹിച്ച വീഡിയോയുടെ ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത് നിഥില്‍ കൊടകര. എഡിറ്റിംഗ് കൈകാര്യം ചെയ്തിരിക്കുന്നത് സന്ദീപ് കെആര്‍ ആണ്.
കൂടാതെ, പ്രൗഢിയോടെ തലയുയര്‍ത്തി നില്ക്കുന്ന ഗജകേസരികളും കൊട്ടിക്കയറുന്ന മേളത്തിനിടയിലേക്കും കണ്ണൂര്‍ക്കാരി ശ്രുതിയും കൊച്ചിക്കാരന് ലാല്‍ കൃഷ്ണയും ഓടിയെത്തി. ആള്‍പ്പൂരത്തിന്റെ ലഹരിയില്‍ അവര്‍ കൈപിടിച്ചു നടന്നു. താളം പിടിച്ച് മേളം ആസ്വദിച്ചു.
സെപ്റ്റംബര്‍ ഒന്നിന് നടക്കാനിരിക്കുന്ന ഇവരുടെ വിവാഹത്തിന്റെ സേവ് ദ ഡേറ്റ് വീഡിയോയുമാണ് പൂരത്തിനിടെ ലൈവ് ആയി ആ ഷൂട്ട് ചെയ്തത്. സെറ്റ് സാരി ധരിച്ച് വധുവെത്തിയപ്പോള്‍ വരന്റെ വേഷം വെള്ള മുണ്ടും കറുത്ത കുര്‍ത്തയും ആയിരുന്നു.
സേവ് ദ ഡേറ്റ് വീഡിയോയുടെ പിന്നണിയില്‍ കേള്‍ക്കുന്നതും മേളമാണ്. അങ്ങനെ പൂരവും കാണിച്ചു, കല്യാണവും വിളിച്ചു. മോഷന്‍ പിക്ചേഴ്സിനു വേണ്ടി അമ്പു രമേശ് ആണ് ഈ വ്യത്യസ്ത വിവാഹക്ഷണം തയ്യാറാക്കിയത്.
Discussion about this post