കല്‍പ്പറ്റ: അപേക്ഷിച്ച് മണിക്കൂറുകള്‍ക്കുള്ളില്‍ രോഗിയായ വീട്ടമ്മയ്ക്ക് വൈദ്യുതിയെത്തിച്ച് കെഎസ്ഇബി. സുല്‍ത്താന്‍ ബത്തേരി കെഎസ്ഇബി വെസ്റ്റ് സെക്ഷന്‍ ഓഫീസിന് കീഴിലാണ് മാതൃകാപരമായ നടപടി. ബത്തേരി മുനിസിപ്പാലിറ്റിയിലെ മന്തംകൊല്ലിയില്‍ താമസിക്കുന്ന കല്ലിങ്ങല്‍ സീനത്തിനാണ് അപേക്ഷ സമര്‍പ്പിച്ച് മണിക്കൂറുകള്‍ക്കകം വൈദ്യുതി കണക്ഷന് നല്‍കിയത്.
സീനത്തിന്റെ മാതാവ് ആയിഷ ക്യാന്‍സര്‍ ബാധിച്ച് ചികിത്സയിലാണ്. ഇവരെ കഴിഞ്ഞ ദിവസം ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്തിരുന്നു. പണി തീരാത്ത മകളുടെ വീട്ടിലെത്തിയ ആയിഷയ്ക്കാണ് നാട്ടുകാരും കെഎസ്ഇബിയും തുണയായത്.
സീനത്തിന്റെ വീട്ടില്‍ വൈദ്യുതി ഇല്ലെന്ന് അറിഞ്ഞ നാട്ടുകാരില്‍ ചിലരാണ് പ്രശ്നം ഏറ്റെടുത്തത്. വേഗത്തില്‍ അത്യാവശ്യം വേണ്ടയിടങ്ങളില്‍ വയറിങ് ജോലികള്‍ ചെയ്തു. അന്ന് തന്നെ ഉച്ചയോടെ അപേക്ഷ സമര്‍പ്പിച്ചു. ഇതിനിടെ നാട്ടുകാര്‍ കെഎസ്ഇബി അധികൃതരെ കണ്ട് കാര്യം ബോധിപ്പിച്ചിരുന്നു.
അപേക്ഷ ലഭിച്ചതോടെ ഉദ്യോഗസ്ഥര്‍ വേഗത്തില്‍ നടപടികള്‍ പൂര്‍ത്തിയാക്കി. വൈദ്യുതി വകുപ്പിലെ ജീവനക്കാര്‍ സീനത്തിന്റെ വീട് സന്ദര്‍ശിച്ച് വയറിങ് അടക്കമുള്ള കാര്യങ്ങള്‍ പരിശോധിച്ചു. കണക്ഷനായി അടക്കേണ്ട പണം കെഎസ്ഇബി വര്‍ക്കേഴ്സ് അസോസിയേഷന് (സിഐടിയു) പ്രവര്‍ത്തകര്‍ ഓഫീസില്‍ അടച്ചു.
ബുധനാഴ്ച നാട്ടുകാര്‍ സീനത്തിന്റെ വീട്ടില്‍ വയറിങ് പൂര്‍ത്തീകരിച്ചു. വ്യാഴാഴ്ച ഉച്ചയോടെ അപേക്ഷ സമര്‍പ്പിച്ചയുടന്‍ കെഎസ്ഇബി ജീവനക്കാര്‍ വീട് സന്ദര്‍ശിച്ചു.
Discussion about this post