കൊച്ചി: ഇരുപത്തിയഞ്ച് വര്‍ഷം മുമ്പുള്ള ടൈം മാഗസിന് കവറില്‍ ഫോട്ടോഷോപ്പ് ചെയ്ത വിഷയത്തില്‍ പ്രതികരിച്ച് എറണാകുളത്തെ ബിജെപി സ്ഥാനാര്‍ഥി അല്‍ഫോണ്‍സ് കണ്ണന്താനം. തിരഞ്ഞെടുപ്പ് രംഗത്തെ സ്വാഭാവിക രീതി മാത്രമെന്ന് ഫോട്ടോഷോപ്പെന്നും കണ്ണന്താനം പറഞ്ഞു. താന്‍ ടൈം മാഗസിനില്‍ ഇടം പിടിച്ച ഏക മലയാളിയാണെന്നും, വിമര്‍ശിക്കുന്നതിന് പകരം നമുക്ക് അഭിമാനിക്കാവുന്ന കാര്യമായിട്ടാണ് ചര്‍ച്ച ചെയ്യേണ്ടതെന്നും കണ്ണന്താനം മാതൃഭൂമി ഡോട്ട് കോമിനോട് പറഞ്ഞു.
1994 ഡിസംബര്‍ അഞ്ചിന് പുറത്തിറങ്ങിയ ടൈം മാസികയില്‍ കണ്ണന്താനത്തിന്റെ ഫോട്ടോഷോപ്പ് ചെയ്ത ചിത്രം മുഖചിത്രമാക്കി ബിജെപി പ്രചാരണത്തിന് ഉപയോഗിച്ചത് വിവാദമായിരുന്നു. കൂടാതെ ട്രോളന്മാരും വിഷയം ആഘോഷമാക്കിയിരുന്നു. എന്നാല്‍, 1994ല്‍ ഇറങ്ങിയ മാസികയുടെ കവറില്‍ കണ്ണന്താനത്തിന്റെ ഇപ്പോഴത്തെ ചിത്രമാണുള്ളതെന്ന് ചൂണ്ടിക്കാണിച്ച് സോഷ്യല്‍ മീഡിയയില്‍ വലിയതോതിലുള്ള എതിര് പ്രചാരണങ്ങള്‍ വന്നതോടെ സംഭവം വിവാദമാവുകയായിരുന്നു.
പരിഹസിക്കുന്നവര്‍ ആ മാസികയെടുത്തൊന്ന് മറിച്ചുനോക്കണം. ടൈം മാഗസിന് തിരഞ്ഞെടുത്ത 100 ലോകനേതാക്കളുടെ പട്ടികയില്‍ ഒന്നാമത്തെ പേര് എന്റേതാണ്. അല്‍ഫോണ്‍സ് കണ്ണന്താനം ടൈം മാസികയുടെ യുവനേതാക്കളുടെ പട്ടികയില്‍ വന്ന ഏക മലയാളിയാണ്, നമുക്ക് അഭിമാനിക്കാവുന്ന കക്ഷിയല്ലേ എന്ന് പറയുന്നതിന് പകരം കണ്ണന്താനത്തിന്റെ പടമെടുത്ത് അവിടെവെച്ചു എന്ന പേരിലാണ് ചര്‍ച്ചകള്‍ നടക്കുന്നത്.
ഞാന്‍ ടൈം മാസികയുടെ 100 യുവനേതാക്കളുടെ പട്ടികയില്‍ വന്നിട്ടുള്ള ആളാണ്. അതിനാലാണ് എന്റെ പടം കവറില്‍ ചേര്‍ത്തത്. എന്റെ പടമല്ലാതെ മറ്റാരുടെ പടമാണ് ഉപയോഗിക്കേണ്ടത്. ഞാന്‍ കഠിനാധ്വാനത്തിലൂടെയാണ് ഇവിടെവരെ എത്തിയത്. വീട്ടിലിരുന്ന് മൊബൈലില്‍ കുത്തി ലോകനേതാക്കളുടെ ലിസ്റ്റില്‍ കയറിയതല്ല. മണ്ണെണ്ണ വിളക്കിന്റെ വെളിച്ചത്തിലിരുന്ന് പഠിച്ച് ഐഎഎസ് വരെ നേടിയ സാധാരണ സ്കൂള്‍ അധ്യാപകന്റെ മകനാണ് താന്‍, യുവാക്കള്‍ക്ക് പ്രചോദനം പകരുന്ന ജീവിതമാണ് തന്റേതെന്നും കണ്ണന്താനം പറയുന്നു.
വിവാദം കാരണം എല്ലാവര്ക്കും അല്‍ഫോണ്‍സ് കണ്ണന്താനം ടൈം മാഗസിനില്‍ ഇടംപിടിച്ചയാളാണെന്ന് അറിയാനായി. ലോകത്തിലെ മികച്ച 100 യുവനേതാക്കളില്‍ ഒരാളായി ലോകം അംഗീകരിച്ചെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം, ടൈം മാഗസിന് കവര്‍ ചിത്രം ഫോട്ടോഷോപ്പ് ചെയ്തു അപഹാസ്യനായെങ്കിലും ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ 100 യുവനേതാക്കളിലൊരാളായി ടൈം ഇന്റര്‍നാഷണല്‍ മാസിക കണ്ണന്താനത്തെ തെരഞ്ഞെടുത്തിട്ടുണ്ട്. കോട്ടയം ജില്ലാ കളക്ടര്‍ എന്ന നിലയില്‍ സമ്പൂര്‍ണ സാക്ഷരത നേടുന്ന ഇന്ത്യയിലെ ആദ്യ പട്ടണമാക്കി കോട്ടയത്തെ മാറ്റിയ പ്രവര്‍ത്തനങ്ങള്‍ക്ക് ഉള്‍പ്പടെ നേതൃത്വം നല്‍കിയത് കണ്ണന്താനമായിരുന്നു. ഇതിനുള്ള അംഗീകാരമായാണ് പിന്നീട് ടൈം മാസിക 100 യുവനേതാക്കളില്‍ ഒരാളായി അദ്ദേഹത്തെ തെരഞ്ഞെടുത്തത്.
Discussion about this post