വാളാട് : ചൊവ്വാഴ്ച രാവിലെയാണ് കുഞ്ഞാമിയുടെ വീട്ടില്‍നിന്ന് അഗ്നിരക്ഷാ നിലയത്തിലേക്ക് ഫോണ്‍കോള്‍ വന്നത്. ഫോണെടുത്തപ്പോള്‍ ആവശ്യപ്പെട്ടത് അത്യാവശ്യമായി കുറച്ച് മരുന്ന് വേണമെന്നായിരുന്നു. വാഹനമില്ലാത്തതിനാല്‍ മാനന്തവാടിയിലേക്ക് പോകാന്‍ നിര്‍വാഹമില്ലാത്തതു കൊണ്ട് മരുന്ന് വാങ്ങിത്തരുമോയെന്നും അപ്പുറത്ത് നിന്നു സംസാരിക്കുന്നയാള്‍ ചോദിച്ചു.
കൂടുതല്‍ ചോദ്യവും പറച്ചിലുമൊന്നുമില്ല, മരുന്നിന്റെ കുറിപ്പടി വാട്സ്ആപ്പിലൂടെ വാങ്ങി എതാനും മണിക്കൂറിനുള്ളില്‍ മരുന്നുമായി അഗ്നിരക്ഷാസേന വാളാട് പന്നിക്കോട് വീട്ടിലെത്തി. മാനന്തവാടി അഗ്നിരക്ഷാ നിലയത്തിലെ ഉദ്യോഗസ്ഥരാണ് വാളാടുള്ള കുഞ്ഞാമിയുടെ വീട്ടിലേക്ക് മരുന്നെത്തിച്ച് നല്‍കിയത്.
ഹൃദയ സംബന്ധമായ അസുഖംകാരണം കുറച്ചുകാലമായി മരുന്ന് കഴിച്ചുകൊണ്ടിരിക്കുകയാണ് അറുപത്തഞ്ചുകാരിയായ കുഞ്ഞാമി. മരുന്ന് തീര്‍ന്നതോടെ വാങ്ങാന്‍ മെഡിക്കല്‍ ഷോപ്പില്‍ പോകാന്‍ വഴിയൊന്നുമുണ്ടായില്ല. അതിനിടെയാണ് വാട്സാപ്പില്‍നിന്ന് ലഭിച്ച അഗ്നിരക്ഷാ നിലയത്തിലെ നമ്പര്‍ ഓര്‍മ്മവന്നത്. തുടര്‍ന്ന് അതിലേക്ക് വിളിക്കാമെന്ന് കരുതി.
ഫോണ്‍വിളിച്ച് അഗ്നിരക്ഷാസേന ഉദ്യോഗസ്ഥരോട് മരുന്ന് വാങ്ങിത്തരുമോയെന്ന് ആവശ്യപ്പെട്ടു. ഡോക്ടറുടെ കുറിപ്പടി വാട്സാപ്പില്‍ അയക്കാന്‍ നിര്‍ദേശിച്ച അഗ്നിരക്ഷാ നിലയത്തിലെ സ്റ്റേഷന് ഓഫീസര്‍ സിപി ഗിരീഷ് മരുന്ന് കുറിപ്പടി വാട്സാപ്പില്‍ ലഭിച്ചതോടെ മാനന്തവാടി ടൗണിലെ ശക്തി മെഡിക്കല്‍സിലെ ജീവനക്കാരന് അത് അയച്ചുനല്‍കി.
മരുന്ന് അവിടെയുണ്ടെന്ന് ഉറപ്പുവരുത്തിയശേഷം അത് പൊതിഞ്ഞുവെക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു. തുടര്‍ന്ന് സീനിയര്‍ ഫയര്‍ ആന്‍ഡ് റെസ്ക്യു ഓഫീസര്‍മാരായ സതീഷ് ബാബു, മനു അഗസ്റ്റിന് എന്നിവര്‍ മരുന്ന് മാനന്തവാടിയില്‍നിന്ന് 23 കിലോമീറ്റര്‍ അകലെയുള്ള വാളാടുള്ള കുഞ്ഞാമിയുടെ വീട്ടിലെത്തിക്കുകയായിരുന്നു.
മരുന്ന് ഏറ്റുവാങ്ങുമ്പോള്‍ വാളാട് പന്നിക്കോട് വീട്ടില്‍ കുഞ്ഞാമിയുടെ മുഖത്ത് സന്തോഷം നിറഞ്ഞിരുന്നു. ആവശ്യപ്പെട്ട മരുന്ന് കിട്ടിയതോടെ ഇവര്‍ക്ക് വലിയ ആശ്വാസമായി. മരുന്നിന്റെ തുക വാങ്ങി തിരികെ ഉദ്യോഗസ്ഥര്‍ മെഡിക്കല്‍ ഷോപ്പില്‍ എത്തിച്ചു നല്‍കുകയും ചെയ്തു.
Discussion about this post