ന്യൂഡല്‍ഹി: കേന്ദ്രഫണ്ട് ലഭിച്ചിട്ടും വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ട് സ്ഥാപിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നടപടിയെടുത്തില്ലെന്ന് ആരോപിച്ച ബിജെപി നേതാവ് കെ സുരേന്ദ്രന് മറുപടിയുമായി ആരോഗ്യ മന്ത്രി കെകെ ശൈലജ. കോഴിക്കോട് വൈറോളജി ലാബ് സ്ഥാപിക്കാന്‍ അനുമതി ലഭിച്ചത് ഇക്കഴിഞ്ഞ മെയ് 27നാണെന്നും മൂന്ന് കോടി രൂപമാത്രമാണ് അനുവദിച്ചിട്ടുള്ളതെന്നുമാണ് ആരോഗ്യ മന്ത്രി അറിയിച്ചത്.
കെ സുരേന്ദ്രന്റെ പേരു പരാമര്‍ശിക്കാതെയായിരുന്നു, വിമര്‍ശനങ്ങള്‍ക്ക് മറുപടിയായിട്ടുള്ള ആരോഗ്യ മന്ത്രിയുടെ വിശദീകരണം. ‘നമ്മുടെ അപേക്ഷ പരിഗണിച്ച് ഇക്കഴിഞ്ഞ മെയ് 27-ാം തീയതിയാണ് കോഴിക്കോട് വൈറോളജി ലാബിന് അനുമതി ലഭിച്ചത്. കോഴിക്കോട്, ഇന്‍സ്റ്റിറ്റ്യൂട്ട് എവിടെ? എന്ന് ചോദിക്കുന്നത് ധാരണയില്ലാത്തതുകൊണ്ടാണ്. ഒരു മൂന്ന് കോടി രൂപയാണ് അനുവദിച്ച് കിട്ടിയത്. അതിന് സംസ്ഥാന സര്‍ക്കാര്‍ ഭരണാനുമതിയും കൊടുത്തിട്ടുണ്ട്. മൂന്നുകോടി രൂപകൊണ്ടൊന്നും ആവില്ല. ഞങ്ങള്‍ വീണ്ടും കേന്ദ്രസര്‍ക്കാറിനെ സമീപിക്കുകയാണ്. ഒന്നോ രണ്ടോ വര്‍ഷംകൊണ്ട് നിര്‍മ്മാണം പൂര്‍ത്തിയാക്കാനാകുമെന്നാണ് കരുതുന്നത്. സമയമെടുത്തിട്ട്, അല്ലാതെ നാളെത്തന്നെയല്ല,’- ശൈലജ പറഞ്ഞു.
കേരളത്തില്‍ സമഗ്രമായ ഒരു വൈറോളജി ലാബ് തുടങ്ങാനുള്ള അനുമതിയും അതിനായുള്ള മൂന്നര കോടി രൂപയും കേന്ദ്ര സര്‍ക്കാരില്‍ നിന്ന് കേരളത്തിന് ലഭിച്ചിട്ട് അഞ്ചു വര്‍ഷം തികയുന്നു. കോഴിക്കോട് മെഡിക്കല്‍ കോളേജിലാണ് ലാബ് തുടങ്ങാന്‍ തീരുമാനിച്ചത്. എന്നാല്‍ അതിനുള്ള ഒരു നടപടിയും കേരളത്തിലെ ആരോഗ്യവകുപ്പിന് ഇതുവരെ പൂര്‍ത്തീകരിക്കാനായിട്ടില്ല എന്നായിരുന്നു കെ സുരേന്ദ്രന്റെ വിമര്‍ശനം. ഫേസ്ബുക്കിലൂടെയായിരുന്നു കെ സുരേന്ദ്രന്റെ വിമര്‍ശനം.
Discussion about this post