തൃശ്ശൂര്‍: തെച്ചിക്കോട്ട് കാവ് രാമചന്ദ്രന്റെ ആരോഗ്യനില തൃപ്തികരമെന്ന് ഡോക്ടര്‍മാര്‍. രാമചന്ദ്രന് മദപ്പാടിന്റെ ലക്ഷണമില്ലെന്നും, ശരീരത്തില്‍ മുറിവുകളൊന്നുമില്ലെന്നും പരിശോധനയില്‍ വ്യക്തമായി. കാഴ്ച്ച പൂര്‍ണ്ണമായി നഷ്ടപ്പെട്ടെന്ന് പറയാന്‍ കഴിയില്ലെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു. പാപ്പാന്മാരോട് അനുസരണകാണിക്കുന്നുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. ഡോ. ഡേവിഡ്, ഡോ. വിവേക്, ഡോ. ബിജു എന്നിവരടങ്ങുന്ന സംഘമാണ് ആരോഗ്യക്ഷമത പരിശോധന നടത്തിയത്. പരിശോധന ഒരുമണിക്കൂര്‍ നീണ്ടുനിന്നു.
തൃശ്ശൂര്‍ പൂരത്തിനോടു അനുബന്ധിച്ച് നടത്തിയ ആരോഗ്യക്ഷമതാ പരിശോധനയ്ക്ക് ശേഷം തയ്യാറാക്കിയ റിപ്പോര്‍ട്ടിലാണ് വിവരങ്ങളുള്ളത്. റിപ്പോര്‍ട്ട് ജില്ലാ കളക്ടര്‍ക്ക് കൈമാറും. ആരോഗ്യക്ഷമത അനുകൂലമാണെങ്കില്‍ പൂരത്തിന് തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ പങ്കെടുപ്പിക്കാമെന്ന് നേരത്തെ ജില്ലാകളക്ടര്‍ അറിയിച്ചിരുന്നു.
ജില്ലാ കളക്ടര്‍ അധ്യക്ഷയായ നാട്ടാന നിരീക്ഷക കമ്മിറ്റി യോഗത്തിന്റെതായിരുന്നു തീരുമാനം. ആരോഗ്യ ക്ഷമതയുണ്ടെങ്കില്‍ പൂരവിളംബരത്തിന് ഒരു മണിക്കൂര്‍ എഴുന്നള്ളിക്കാന്‍ അനുമതി നല്‍കുമെന്നാണ് കളക്ടര്‍ ടിവി അനുപമ പറഞ്ഞത്.
അങ്ങനെയെങ്കില്‍ തൃശ്ശൂര്‍ പൂരത്തിന് മുന്നോടിയായി 12 -ന് നടക്കുന്ന പൂരവിളംബരച്ചടങ്ങില്‍ മാത്രമായിരിക്കും ആനയെ ഉപയോഗിക്കുക.
Discussion about this post