ഇടുക്കി: പ്രളയ ശേഷം കൃഷി നശിച്ച കര്‍ഷകര്‍ ജപ്തി ഭയന്ന് ആത്മഹത്യയില്‍ അഭയം പ്രാപിക്കുന്ന സാഹചര്യത്തില്‍ കര്‍ഷകരെ സഹായിക്കാന്‍ സര്‍ക്കാര്‍ കൂടുതല്‍ നടപടികളിലേക്ക്. കാര്‍ഷിക-കാര്‍ഷികേതര ലോണുകള്‍ക്ക് മോറട്ടോറിയം പ്രഖ്യാപിച്ചതിനു പിന്നാലെ കൃഷിവകുപ്പ് മന്ത്രി വിഎസ് സുനില്‍ കുമാര്‍ നാളെ ഇടുക്കി സന്ദര്‍ശിക്കും. വയനാട്ടിലേയും ഇടുക്കിയിലേും കര്‍ഷകരാണ് കൂടുതല്‍ ദുരിതത്തിലായിരിക്കുന്നത്. ഈ സാഹചര്യത്തിലാണ് മന്ത്രിയുടെ സന്ദര്‍ശനം. ഇടുക്കിയില്‍ ജില്ലാതല ബാങ്കേഴ്സ് സമിതി യോഗത്തില്‍ വിഎസ് സുനില്‍ കുമാര്‍ പങ്കെടുക്കും.
ഇതിനിടെ, മുഖ്യമന്ത്രി വിളിച്ച ബാങ്കേഴ്സ് സമിതി യോഗത്തില്‍ കര്‍ഷകരുടെ ലോണുകള്‍ക്ക് മോറട്ടോറിയം പ്രഖ്യാപിച്ച നടപടിക്ക് അംഗീകാരമായി. ജപ്തി നടപടികള്‍ നിര്‍ത്തിവെയ്ക്കാനും ബാങ്കുകള്‍ തീരുമാനിച്ചു.
മഹാ പ്രളയത്തില്‍ സംസ്ഥാനത്തെ കാര്‍ഷിക മേഖലകള്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്കാണ് എത്തിയത്. മോറട്ടോറിയം നിലനില്‍ക്കെ വായ്പാ തിരിച്ചടവിന് ബാങ്കുകള്‍ സമ്മര്‍ദ്ദം ശക്തമാക്കിയതാണ് കര്‍ഷക ആത്മഹത്യയ്ക്ക് വഴിയൊരുക്കിയത്.
പ്രളയ ശേഷം ഇടുക്കിയില്‍ മാത്രം ആറ് കര്‍ഷകര്‍ ജീവനൊടുക്കിയതായാണ് കണക്കുകള്‍. ബാങ്കുകളുടെ ജപ്തി നോട്ടീസ് കിട്ടിയത് പതിനയ്യായിരത്തോളം കര്‍ഷകര്‍ക്കാണ്. എന്നാല്‍ സര്‍ക്കാര്‍ അനുകൂലമായ നിലപാട് സ്വീകരിച്ചത് കര്‍ഷകര്‍ക്ക് ആശ്വാസമായിരിക്കുകയാണ്.
Discussion about this post