ആലപ്പുഴ: നാലു വശവും വെള്ളത്താല്‍ ചുറ്റപ്പെട്ടു കിടക്കുന്ന ഒരു ജനതയ്ക്ക് പ്രളയം ഏല്‍പ്പിച്ചത് വലിയ ആഘാതമായിരുന്നു. അതിജീവനം അടുത്തെങ്ങും സാധ്യമാവാത്ത തരത്തിലുള്ള കനത്ത ആഘാതം. രണ്ട് പതിറ്റാണ്ടിനിടയില്‍ ഉണ്ടായ ഏറ്റവും വലിയ വെള്ളപ്പൊക്കത്തില്‍ സമാനതകളില്ലാത്ത ദുരിതമാണ് കുട്ടനാട്ടില്‍ സംഭവിച്ചത്, അവിടുത്തെ ജനങ്ങള്‍ നേരിട്ടത്. പ്രളയ ശേഷം കടുത്ത വരള്‍ച്ചയും കുടിവെള്ള ക്ഷാമവുമാണ് കുട്ടനാട്ടില്‍ ഉണ്ടായത്.
കഴിഞ്ഞ ഓഗസ്റ്റിനാണ് കുട്ടനാടിനെയൊന്നാകെ പ്രളയം കവര്‍ന്നത്. ആര്‍ത്തലച്ച് വന്ന വെള്ളത്തിന് മുന്നില്‍ എന്ത് ചെയ്യണമെന്നറിയാതെ നിന്ന ജനങ്ങള്‍. അവിടെ നിന്നും പാലായനം ചെയ്യേണ്ടി വന്ന അവസ്ഥ. നമ്മള് ഏവരും കണ്ടതാണ് അവര്‍ അനുഭവിച്ച ദുരവസ്ഥ.
എന്നാല്‍ അതിനെയെല്ലാം അതിജീവിച്ച് അവര്‍ പരമ്പരാഗത കൃഷിയിറക്കി. അതില്‍ നൂറ് മേനി കൊയ്തതിന്റെ സന്തോഷത്തിലാണ് ഇന്ന് ഓരോ കര്‍ഷകനും. ഇക്കാലമെങ്ങും കണ്ടിട്ടില്ലാത്ത വിളവാണ് ഇക്കുറി കുട്ടനാട്ടുകാര്‍ കണ്ടത്. വിളവെടുപ്പ് സമയത്ത് വില്ലനായി വന്ന പ്രളയം, നിലകൊണ്ടിരുന്ന അമ്ളരസത്തെ കഴുകിയിറക്കിയതും ഇത്തവണത്തെ കൃഷിക്ക് ഏറെ ഗുണം ചെയ്തു.
പ്രളയത്തില്‍ വന്നടിഞ്ഞ എക്കലാണ് ഒക്ടോബറില്‍ വിതച്ച നെല്‍വയലുകള്‍ക്ക് അനുഗ്രഹമായത്. അതുകൊണ്ട് തന്നെ ഇത്തവണ കൊയ്ത്ത് കഴിഞ്ഞാല്‍ ഇരട്ടി ലാഭം കിട്ടുമെന്ന പ്രതീക്ഷയിലാണ് ഓരോ കര്‍ഷകനും. അതിന്റെ ആഹ്ളാദത്തിലാണ് അവിടുത്തെ കര്‍ഷകര്‍.
കുട്ടനാട്ടിലെ പുഞ്ചക്കൃഷിയുടെ ആദ്യവിളവെടുപ്പ് ജനുവരി അവസാനം തകഴിയിലെ വാരിക്കാട്ടുകരി പാടശേഖരത്തില്‍ നടന്നു. ബജറ്റില്‍ ആയിരം കോടിയുടെ പാക്കേജ് പ്രഖ്യാപിച്ചതിന്റെ സന്തോഷം പങ്കുവെച്ചാണ് മന്ത്രി നേരേ കുട്ടനാടിന്റെ ഭാഗമായ തകഴിയിലേയ്ക്കെത്തിയത്.
വാരിക്കാട്ടുകരിയിലെ ആദ്യവിളവെടുപ്പ് കര്‍ഷകര്‍ ഉത്സവമാക്കി. വേദിയില്‍ മന്ത്രിക്ക് കാണാന്‍ കാര്‍ഷിക കലാരൂപങ്ങളും ഉണ്ടായി. കൊയ്തെടുത്ത കതിരാണ് മന്ത്രിക്കും വിശിഷ്ടാതിഥികള്‍ക്കും ഉപഹാരമായി നല്‍കിയത്. കൊയ്ത്തുത്സവം മന്ത്രി വിഎസ് സുനില്കുമാരാണ് ഉദ്ഘാടനം ചെയ്തത്.
പുഞ്ചക്കൃഷിക്ക് മെച്ചപ്പെട്ട വിളവ് ലഭിക്കാത്ത കരിനിലമായ കരുമാടി ചാവില്‍ തെക്കുംപുറം പാടത്ത് ഇത്തവണ ലഭിച്ച വിളവ് നോക്കിയാല്‍ത്തന്നെ വ്യത്യാസമറിയാം. 165 ഏക്കറിലാണ് ഇവിടെ കൃഷി. അമ്ളം നിറഞ്ഞ മണ്ണില്‍ ഒരു ഹെക്ടറില്‍ 15 ക്വിന്റലില്‍ കൂടുതല്‍ നെല്ല് വിളഞ്ഞിട്ടേയില്ല. ഇത്തവണ 30 ക്വിന്റല്‍ വരെയായി. അമ്ളരസം പ്രളയത്തില്‍ ഒഴുകിപ്പോയതാണ് പ്രധാന കാരണം.
സാധാരണ ഒരു ഏക്കര്‍ കൃഷിയിറക്കാന്‍ ശരാശരി ചെലവ് 35000 രൂപയാണ് എന്നാല്‍ കിട്ടുന്ന നെല്ലിന്റെ അളവോ? 25 കിന്റലും. കൃഷിക്ക് ആവശ്യമായ ചെലവും മറ്റും കഴിച്ചാല്‍ തുച്ഛമായ തുകയാണ് കര്ഷകന് ലഭിക്കുക.
എന്നാല്‍ ഇത്തവണ കൃഷി ഇറക്കിയ കര്‍ഷര്‍ക്ക് ആശ്വാസമാണ് നെല്ലിന്റെ നല്ല വിളവ്. ഇത്തവണ കൊയ്ത്തില്‍ നിന്ന് കര്‍ഷകര്‍ പ്രതീക്ഷിക്കുന്നത് ഇരട്ടി വിളവും, ഇരട്ടി ലാഭവുമാണ്.
Discussion about this post